ഇസ്ലാമാബാദ്: തീവ്രവാദികള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സ്വന്തം നിലയില്‍ അതിന് ശ്രമിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതോടെഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്ന ട്രംപ് ഭരണകൂടം പാകിസ്താന്‍ സ്വന്തം രാജ്യത്തെ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. 

അതേസമയം തങ്ങള്‍ക്കെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചതോടെ അന്താരാഷ്ട്ര തലത്തിലെ പുതിയ സുഹൃത്തുകളെ തേടുകയാണ് പാകിസ്താന്‍. ചൈനയും റഷ്യയുമായിരിക്കും ഇനി പാകിസ്താന്റെ അടുത്ത മിത്രങ്ങള്‍ എന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ക്വാജ ആസിഫ് സൂചന നല്‍കിയതായി പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നമ്മുടെ വിദേശകാര്യനയത്തില്‍ മാറ്റം വരുത്തണമോ എന്ന് പരിശോധിക്കേണ്ട സമയമാണിത്. കാലഘട്ടത്തിനനുസരിച്ച് വേണം നാം നയങ്ങള്‍ സ്വീകരിക്കുവാന്‍. അയല്‍വാസികളായ ചൈനയും നമ്മളും ചില പൊതുതാത്പര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. റഷ്യയ്ക്കും നമ്മുടെ നല്ലൊരു സുഹൃത്താണ്.... ക്വാജ പറയുന്നു.

ഒരു സാമ്പത്തിക ശക്തിയല്ലാത്തതിനാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ സ്വതന്ത്രനിലപാട് സ്വീകരിക്കുവാന്‍ പാകിസ്താന് സാധിക്കില്ലെന്നും. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് പാകിസ്താനെ സംബന്ധിച്ച് അനിവാര്യമാണെന്നും ക്വാജ പറഞ്ഞു.