ഒാഗസ്റ്റ് ഒമ്പതിന് മഹാരാഷ്ട്രയില്‍ ജയില്‍ നിറയ്ക്കല്‍ സമരം

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ അഖിലേന്ത്യാ കിസാൻ സഭയുടെ ശ്രമങ്ങള്‍. ഇതിനായി മറ്റ് സംഘടനകളുമായി ചർച്ചകൾ തുടങ്ങിയെന്ന് അഖിലേന്ത്യാ കിസാൻ സഭാ അധ്യക്ഷൻ അശോക് ധാവലെ പറഞ്ഞു. എല്ലാ കർഷക സംഘടനകളെയും ഒന്നിച്ച് കൊണ്ടു വന്ന് സമരം നടത്താനാണ് ശ്രമം. അതിനായി അഖിലേന്ത്യാ കിസാൻ സഭാ മുന്‍കെെയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക സംഘടനകൾ ഒരേ ആവശ്യങ്ങൾക്കായി വിവിധ സമരങ്ങൾ നടത്തുന്നത് പ്രക്ഷോഭങ്ങളുടെ ശക്തി കുറയ്ക്കുന്നുവെന്നാണ് കിസാൻ സഭയുടെ വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ഗ്രാമ ബന്ദും ദേശീയ പണിമുടക്കും നടത്തിയത് 130 കർഷക സംഘടനകൾ അംഗങ്ങളായ രാഷ്ട്രീയ കിസാൻ മഹാ സംഘിന്‍റെ നേതൃത്വത്തിലായിരുന്നു. പക്ഷേ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കിസാൻ സഭ ഒറ്റയ്ക്ക് സമരം ചെയ്തു. കിസാൻ മഹാ സംഘ് രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ഒരുമിച്ചുള്ള സമരമെന്ന സന്ദേശവുമായി കിസാൻ സഭ മുന്നിട്ടിറങ്ങുന്നത്.

ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ഒരുമിച്ചാൽ അത് മോദി സർക്കാരിന് വലിയ തലവേദനയാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല വരാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെതിരെ ജനവികാരം ഉയർത്തി കൊണ്ടുവരാൻ ഐക്യം സഹായിക്കുമെന്ന് കിസാൻ സഭ കരുതുന്നു. അതെ സമയം ലോങ്ങ് മാർച്ചിലെ ഉറപ്പുകൾ പാലിക്കാത്ത ഫട്നവിസ് സർക്കാരിനെതിരെ ഓഗസ്റ്റ് ഒമ്പതിന് മഹാരാഷ്ട്രയിൽ ജയിൽ നിറയ്ക്കൽ സമരം നടത്താനും കിസാൻ സഭ തീരുമാനിച്ചിട്ടുണ്ട്.