സുബിന്ന് സ്വാന്തനവുമായി  ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

തിരുവനന്തപുരം: തൊലി പൊട്ടിയിളകുന്ന അത്യപൂര്‍വ ജനിതക രോഗം ബാധിച്ച തിരുവനന്തപുരം കരമന സ്വദേശി സുബിന്‍ സുനിലിനെ നേമം മേലാംകോട്ടുള്ള വീട്ടില്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശനം നടത്തി. സുബിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. 

മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സുബിനെ പരിശോധിച്ചിരുന്നു. അത്യപൂര്‍വ ജനിതക രോഗം സുബിനെ ബാധിച്ചതായാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ രോഗാവസ്ഥയ്ക്ക് ഗുണകരമായ മാറ്റം വരും. ഇതിന് സൗകര്യമുള്ള ആശുപത്രിയിയില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതാണ്.

വാടക വീട്ടിലാണ് സുബിനും കുടുംബവും താമസിക്കുന്നത്. സുബിന്റെ ജീവിത പശ്ചാത്തലം മനസിലാക്കി സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ്. ഇതോടൊപ്പം ഈ രോഗത്തിന്റെ ചികിത്സയ്ക്കായി മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കേണ്ടതാണ്. ഇത് സാമൂഹ്യ സുരക്ഷാ മിഷന്‍ നിര്‍വഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.