രാജ്യസഭ സീറ്റുമായി മാണിയുടെ തിരിച്ചുവരവ് രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി കേരള കോൺഗ്രസിന് സീറ്റ് നൽകിയതിനെതിരെ ഹൈക്കമാൻഡിലേക്ക് പരാതി പ്രവാഹം  

തിരുവന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതോടെയാണ് കോൺഗ്രസിലും ഘടക കക്ഷികകളിലും പ്രതിഷേധം പുകയുന്നത്. 

കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരെ ഹൈക്കമാൻഡിലേക്ക് പരാതി പ്രവാഹമാണ്. മാണി യുഡിഎഫ് യോഗത്തിനെത്തിയതോടെ വി.എം.സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തത് കോൺഗ്രസിന്റെ നാശത്തിന് വഴിവെക്കുമെന്ന് സുധീരൻ പറഞ്ഞു. മാണിയെ തിരിച്ചെടുക്കാൻ വലിയ വില കൊടുക്കേണ്ടി വന്നെന്നും മാണിയുടെ വരവ് യുഡിഎഫിനെയല്ല ബിജെപിയെയാണ് ശക്തിപ്പെടുത്തുകയെന്നും സുധീരൻ വിമര്‍ശിച്ചു.

പറ്റുമെങ്കിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൊടുത്ത് എം പി വീരേന്ദ്ര കുമാറിനെ കൂടി മുന്നണിയിലേക്ക് കൊണ്ടു വരണമെന്ന് കെ മുരളീധരനും പരിഹസിച്ചു. പ്രവർത്തകർക്ക് അമർഷം ഉള്ളതിനാൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് കെ മുരളീധരൻ പുറഞ്ഞു. പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കാൻ നടപടി വേണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃയോഗത്തിൽ പി.പി.തങ്കച്ചൻ, കെ.മുരളീധരൻ, ജോണി നെല്ലൂർ എന്നിവർ പങ്കെടുത്തില്ല. അതേസമയം, കേരള കോൺഗ്രസിന് സീറ്റ് നൽകിയ നടപടിയെ ന്യായീകരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി.