മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി.

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും ഷാജി ആരോപിച്ചു. താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. തുടർന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ കണക്കുകൾ പ്രകാരം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ കഴിയില്ലെന്ന തരത്തിലുള്ള വാർത്തകളും വന്നു. വാഹനത്തിന്റെ വില ഗൂഗിളിൽ പരിശോധിച്ചാൽ ലഭിക്കാവുന്ന വിവരങ്ങൾ പോലും കൃത്യമായി പരിശോധിക്കാതെയാണ് പല റിപ്പോർട്ടുകളും വന്നതെന്നും ഷാജി ആരോപിച്ചു.

അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ആദ്യം വാഹനം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്തകൾ വന്നതായും തുടർന്ന് പ്രത്യുപകാരമെന്ന നിലയിലാണ് വാഹനം നൽകിയതെന്ന പ്രചാരണം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യുപകാരം പ്രതീക്ഷിച്ചുമാത്രമേ ഒരാൾ എന്തെങ്കിലും ചെയ്യൂ എന്ന ചിന്ത ചിലരുടെ മാനസിക വ്യാപാരത്തിന്റെ പ്രശ്നമാണെന്നും ഷാജി പരിഹസിച്ചു.

വിദേശയാത്രയ്ക്കിടെ തനിക്കൊപ്പം ബാർ ഉടമ ഉണ്ടായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണവും നടന്നതായി ഷാജി പറഞ്ഞു. എന്നാൽ ബാർ ഉടമ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറിനുമൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദത്തിന്റെ ദിശ മാറിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു.

റേഞ്ച് റോവറിന് മുന്നിൽ നിൽക്കുന്ന രീതിയിൽ പ്രചരിച്ച തന്റെ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും ഷാജി ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രം ഉപയോഗിച്ചെന്നും കുടുംബത്തെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളും സൈബർ വിഭാഗം പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിത്വമുണ്ടെന്നും തോന്നിവാസം പറയാനുള്ള വേദിയായി മാധ്യമങ്ങളെ കാണരുതെന്നും ഷാജി വിമർശിച്ചു.

മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വേണമെന്നത് നിയമമല്ലെന്നും മറിച്ച് കീഴ്‌വഴക്കം മാത്രമാണെന്നും ഷാജി വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിന് താൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ പാർട്ടി പ്രവർത്തകർക്കോ യുഡിഎഫ് പ്രവർത്തകർക്കോ വേദനയുണ്ടായിട്ടുണ്ടെങ്കിൽ അത് താൻ പരിഹരിക്കുമെന്നും ഷാജി വ്യക്തമാക്കി.

അതേസമയം, എൽഡിഎഫിന്റെ തദ്ദേശഭരണ കാലയളവിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ഷാജി പറഞ്ഞു. കുന്ദമംഗലത്തെ ലൈഫ് ഫ്ലാറ്റ് പദ്ധതിയും റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നതായി ആരോപിക്കുന്ന പതിനായിരത്തോളം അനധികൃത നിയമനങ്ങൾ പുറത്തുവരുമെന്ന ആശങ്കയാണ് തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്നും ഷാജി ആരോപിച്ചു.