കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് തീര്‍ത്ഥ സര്‍വ്വിക രംഗത്തെത്തിയതിന് പിന്നാലെ പരസ്പരം പഴിചാരി കൊച്ചി മെട്രോയും കുടുംബശ്രീയും രംഗത്ത്. മെട്രോയിലെ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളമോ മതിയായ സൗകര്യങ്ങളോ ഇല്ലെന്നാണ് തീര്‍ത്ഥ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 

എന്നാല്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ശമ്പളം പ്രശ്‌നം പരിഹരിക്കേണ്ടത് കൊച്ചി മെട്രോ അല്ലെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ട്രാന്‍സ്‌ജെന്റേഴ്‌സിനെ അടക്കം മുഴുവന്‍ തൊഴിലാളികളെയും ജോലിക്കെടുത്ത കുടുംബശ്രീയ്ക്കാണെന്നും മെട്രോ പിആര്‍ഒ രശ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതേസമയം ജീവനക്കാര്‍ക്ക്ശമ്പളത്തോടുകൂടിയഅവധി പ്രഖ്യാപിച്ച കെഎംആര്‍എല്‍ ആ ഇനത്തില്‍ ഒരു രൂപ പോലും കുടുംബശ്രീയ്ക്ക് നല്‍കിയിട്ടില്ലെന്നും ഇക്കാരണത്താലാണ് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാനാകാത്തതെന്നും കുടുംബശ്രീയും ആരോപിക്കുന്നു.

ട്രാന്‍സ്‌ജെന്റേഴ്‌സും സ്ത്രീകളും ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. ആറ് മാസത്തോളമായി ഇവര്‍ ഈ പ്രശ്‌നം നേരിടുകയാണ്. ജീവനക്കാര്‍ ഈ പ്രശ്‌നം ഉന്നയിച്ച ഉടന്‍ തന്നെ കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പലതവണ ഇക്കാര്യം കുടുംബശ്രീയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം ആഭ്യന്തരമായി പരിഹരിക്കേണ്ടത് കുടുംബശ്രീ ആണ്. കൊച്ചി മെട്രോ ജീവനക്കാരെ ഏര്‍പ്പെടുത്താന്‍ ഏജന്‍സിയായ കുടുംബശ്രീയെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ക്ക് ശമ്പളവും അവധികളുമടക്കം നല്‍കുന്നത് കുടുംബശ്രീ ആണെന്നും രശ്മി പറഞ്ഞു.

ട്രാന്‍സ്‌ജെന്റേഴ്‌സ് മാത്രമല്ല, കുടുംബശ്രീ വഴി ജോലിക്കെത്തുന്ന മറ്റ് പെണ്‍കുട്ടികളും ഇതേ പരാതി ഉന്നയിക്കുന്നുണ്ട്. അവര്‍ സ്വന്തം വീട്ടില്‍നിന്നുമാണ് ജോലിക്കെത്തുന്നത്. ട്രാന്‍സ്‌ജെന്റേഴ്‌സ് ആകട്ടെ താമസമടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാകില്ലെന്നും പൂര്‍ണ്ണ ഉത്തരവാദിത്വം കുടുംബശ്രീയ്ക്കാണെന്നും രശ്മി വ്യക്തമാക്കി.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുമ്പ് ലോകത്താകമാനം വാര്‍ത്തകളില്‍ നിറഞ്ഞത് ആദ്യമായി ഒരു സ്ഥാപനത്തില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ജോലി വാഗ്ദാനം ചെയ്തത് വഴിയായിരുന്നു. അന്ന് ലോകമെമ്പാടുമുള്ളവര്‍ കേരളത്തിന്റെ ചുവടുവെപ്പിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി മെട്രോ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്റേഴ്‌സിന് പറയാനുള്ളത് ദുരിതം മാത്രം. കൃത്യമായ ശമ്പളമോ വേണ്ട സൗകര്യങ്ങളോ ഇല്ലെന്ന് മാത്രമല്ല, മേലുദ്യോഗസ്ഥരില്‍നിന്ന്അപമാനം കൂടിയാണ് നേരിടേണ്ടി വരുന്നതെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ തൊഴിലാളിയായ തീര്‍ത്ഥ സര്‍വ്വിക തുറന്ന് പറഞ്ഞിരുന്നു.

ജനുവരിയിലെ പെയിഡ് ഓഫ് സാലറി ലഭിച്ചിട്ടില്ലെന്നും ഇനി മുതല്‍ 18 ദിവസം മാത്രം ജോലിയും 3 പെയിഡ് ഓഫും മാത്രമാണ് ഉണ്ടാകുക എന്നുമാണ് തീര്‍ത്ഥ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലത്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും കുടുംബശ്രീയാണ് പരിഹരിക്കേണ്ടതെന്ന് കൊച്ചി മെട്രോ പറയുമ്പോഴും പെയിഡ് ഓഫ് സാലറി പ്രഖ്യാപിച്ചതല്ലാതെ കഴിഞ്ഞ നാല് മാസമായി ഈ ഇനത്തില്‍ കെഎംആര്‍എല്ലില്‍നിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നാണ് കൊച്ചിയിലെ കെഎഫ്‌സി മാനേജര്‍ (കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്റര്‍) ദില്‍രാജ് പറയുന്നത്.

സെപ്റ്റംബറില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ മീറ്റിംഗിലാണ് 26 ദിവസം ജോലി ചെയ്താല്‍ 4 ദിവസം ശമ്പളത്തോടുകൂടിയുള്ള അവധി നല്‍കുമെന്ന് കെഎംആര്‍എല്‍ എംഡി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളില്‍ കുടുംബശ്രീ പെയിഡ് ഓഫ് സാലറി ട്രാന്‍സ്‌ജെന്റര്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും നല്‍കി. ശമ്പളം നല്‍കിയതിന് ശേഷം ബില്ല് സമര്‍പ്പിക്കുമ്പോഴാണ് ഈ തുക കുടുംബശ്രീയ്ക്ക് കെഎംആര്‍എല്ലില്‍ നിന്ന് ലഭിക്കുന്നത്.

എന്നാല്‍ പെയിഡ് ഓഫ് ആയി കുടുംബശ്രീ നല്‍കിയ തുക ഇനത്തില്‍ 40 ലക്ഷം രൂപയോളം കഴിഞ്ഞ നാല് മാസമായി കെഎംആര്‍എല്‍ നല്‍കാനുണ്ട്. കഴിഞ്ഞ നാല് മാസവും കുടുംബശ്രീയുടെ ഫണ്ടില്‍ നിന്നാണ് പെയ്ഡ് ഓഫ് സാലറി നല്‍കിക്കൊണ്ടിരുന്നത്. ജനുവരിയില്‍ ഈ തുക നല്‍കാന്‍ ഫണ്ടില്ലാത്തതിനാലാണ് പെയിഡ് ഓഫ് നല്‍കുന്നത് നിര്‍ത്തി വച്ചത്. കെഎംആര്‍എല്‍ ശമ്പളത്തുക നല്‍കുന്നതോടെ ഇത് ജീവനക്കാര്‍ക്ക് നല്‍കുമെന്നും ദില്‍രാജ് പറഞ്ഞു.

കെഎംആര്‍എല്‍ ട്രാന്‍സ്‌ജെന്റെഴ്‌സിന്റെ പ്രശ്‌നങ്ങള്‍ കുടുംബശ്രീയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ലെന്നും ദില്‍രാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച ദില്‍രാജ് താന്‍ തീര്‍ത്ഥയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ട്രാന്‍സ്‌ജെന്റേഴ്‌സ് കൊച്ചി മെട്രോയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

ഹോസ്റ്റലുകളില്‍ താമസിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിലവിലുള്ള ശമ്പളം അവര്‍ക്ക് തികയുന്നില്ല. എന്നാല്‍ തൃക്കാക്കരയിലെ ജോതിര്‍ഭവന്‍ ഹോസ്റ്റലില്‍ സൗജന്യ താമസവും ഗതാഗത സൗകര്യവും ഒരുക്കാമെന്നും പറഞ്ഞെങ്കിലും രണ്ടുപേര്‍ മാത്രമാണ് ഇത് അംഗീകരിച്ച് ജോതിര്‍ഭവനില്‍ താമസം ആരംഭിച്ചത്. ഇപ്പോഴും അവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കുടുംബശ്രീ തയ്യാറാണ്. കുടുംബശ്രീയിലെ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും തുല്യവേതനമാണ് നല്‍കുന്നതെന്നും ദില്‍രാജ്.

എഎഫ്‌സി ട്രയിനിംഗുകള്‍ നടത്തിയത് ടോം (ടിക്കറ്റ് ഓപ്പറേറ്റിംഗ് മെഷീന്‍) അഥവാ ടിക്കറ്റ് ഓപ്പറേറ്റേഴ്‌സ് ആയി ജോലിക്കയറ്റം നല്‍കുന്നതിനാണ്. നിലവിലെ ടിക്കറ്റ് ഓപ്പറേറ്റര്‍ പോകുന്ന ഘട്ടത്തില്‍ മാത്രമാണ് ട്രയിനിംഗ് നല്‍കിയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാകൂ. എന്നാല്‍ ടിക്കറ്റ് ഓപ്പറേറ്റര്‍മാരുടെ എണ്ണം കെഎംആര്‍എല്‍ കുറച്ചത് ട്രയിനിംഗ് കഴിഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് തടസ്സമായെന്നും കുടുംബശ്രീ അധികൃതര്‍ വ്യക്തമാക്കി.

ആകെ 700 ഓളം പേരെയാണ് കുടുംബശ്രീ കൊച്ചി മെട്രോയില്‍ ജോലിക്കായി നിയമിച്ചിരിക്കുന്നത്. ഇതില്‍ 600 ഓളം പേര്‍ക്ക് പിഎഫ് ഇഎസ്‌ഐ അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 100 പേരുടെ ആധാറുമായി ലിങ്ക് ചെയ്യാനാകാത്തതിനാല്‍ അക്കൗണ്ട് തുടങ്ങുന്നതിന് തടസ്സമുണ്ട്. ഇത് ഇവര്‍ നേരിട്ട് ഓഫീസിലെത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേ ഉള്ളൂ. ഇക്കാര്യം അവരോട് നേരിട്ട് സംസാരിച്ചതാണെന്നും ദില്‍രാജ് പറഞ്ഞു. 

തീര്‍ത്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ്...

പ്രിയ സുഹൃത്തുക്കളെ ഞാന്‍ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചര്‍ച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നത് !!! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കള്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാന്‍സിനേ സംബന്ധിച്ചിടത്തോളം ജീവിക്കാന്‍ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയില്‍ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോള്‍ Paid off Salary ഇല്ല., പോരാത്തതിന് ഡബിള്‍ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങള്‍ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോള്‍ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതല്‍ പ്രവര്‍ത്തന ദിവസങ്ങള്‍ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്,,അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാല്‍ സസ്‌പെന്‍ഷനാണ് ഫലം.,,, രാത്രി സമയങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നതുകൊണ്ട് ഒരു പെണ്‍കുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോള്‍ ആ കുട്ടിയെ സസ്പന്റ് ചെയ്തു. വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ FMC മേലധികാരി ദില്‍ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങള്‍ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതല്‍ പണം കിട്ടും എന്ന പരിഹാസവും...മെട്രോയില്‍ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകള്‍ പൂര്‍ത്തിയായി എന്നാല്‍ ഒരു ട്രാന്‍സിനേ പോലും ഇതുവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തില്‍ നിന്ന് പിടിക്കുന്നുണ്ട് എന്നാല്‍ അക്കൗണ്ടില്‍ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങള്‍ക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കില്‍ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ!!!!