സംസ്ഥാനമൊന്നാകെ കാത്തിരിക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഒരു ദിവസം കൂടി. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വേദി തയ്യാര്‍, സ്വപ്‍ന പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍. കൊച്ചി കാത്തിരിക്കുന്നത് മെട്രോ ഉദ്ഘാടന നിമിഷത്തിനുവേണ്ടിയാണ്. നാളെ രാവിലെ 10.15ന് നാവികവിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. നേരെ പാലാരിവട്ടത്തേക്ക്. 10. 35ന് മെട്രോ ട്രെയിനില്‍ യാത്ര. പത്തടിപ്പാലത്ത് യാത്ര അവസാനിപ്പിച്ച് 11 ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. വിവാദങ്ങള്‍ക്ക് വിരമാമമിട്ട് മെട്രോ മാന്‍ ഇ ശ്രീധരന്‍ അടക്കമുളളവരെ സാക്ഷികളാക്കി പ്രധാനമന്ത്രി കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും. ഒരു മണിയോടെ നാവികവിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രി അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം 1.25 ന് മടങ്ങിപ്പോകും. മൂന്നൂ മണിക്കൂര്‍ നീളുന്ന പ്രധാനമന്ത്രിയുടെ വരവിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. 37,000 സ്ക്വയര്‍ ഫീറ്റില്‍ 3,500 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് മെട്രോ ഉദ്ഘാടനത്തിനായി തയാറാക്കിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാകും ഉദ്ഘാടനച്ചടങ്ങിന് പ്രവേശനം. വേദിയും പരിസരവും എസ് പി ജിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. മെട്രോ സ്റ്റേഷനുകളിലും പരിശോധന. ഉദ്ഘാടനത്തോടനുബന്ധിച്ച് മെട്രോയുടെ 11 സ്റ്റേഷനുകളിലും പരിസരത്തുമായി 500 ചെടികളും നടും. പൊതുജനങ്ങള്‍ക്കായി മെട്രോ യാത്രയ്‌ക്ക് തുറന്ന് കൊടുക്കുന്നത് തിങ്കളാഴ്ചയാണ്.