ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും മെട്രോ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിക്കും

കൊച്ചി: പ്ലാസ്റ്റിക്‌ കുപ്പികള്‍ ഒഴിവാക്കാന്‍ കൊച്ചിക്കാര്‍ക്ക് ഇനി മറ്റെങ്ങും പോകേണ്ട. നേരെ മെട്രോ സ്റ്റേഷനിലേക്ക് ചെന്നാല്‍ മതി. നഗരത്തിലെ സ്റ്റേഷനുകളില്‍ ഇനി ആഴ്ച്ചയില്‍ ഒരു ദിവസം പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിക്കാനുള്ള സംവിധാനം കൊച്ചി മെട്രോ ഒരുക്കുന്നു. 

പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കുക എന്ന അന്താരാഷ്ട്ര പരിസ്ഥിതി ദിന സന്ദേശത്തിന്‍റെ ചുവടുപിടിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിച്ചിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി മാത്രമാണ് പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. രണ്ടു ദിവസം കൊണ്ട് 1500 ല്‍ ഏറെ കുപ്പികള്‍ മെട്രോ സ്റ്റേനുകളില്‍ ശേഖരിക്കപ്പെട്ടു. ഏറ്റവും അധികം കുപ്പികള്‍ ലഭിച്ചത് എംജി റോഡ്‌ സ്റ്റേഷനില്‍ നിന്നാണ്, 350 എണ്ണം. ആലുവയില്‍ നിന്നും 200 കുപ്പികള്‍ ലഭിച്ചു. ജനങ്ങളുടെ ഇത്രയും ആവേശം നിറഞ്ഞ പ്രതികരണമാണ് കുപ്പികള്‍ ശേഖരിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കാന്‍ കെഎംആര്‍എല്ലിനെ പ്രേരിപ്പിച്ചത്.

ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും മെട്രോ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിക്കും. രാവിലെ 6 മുതല്‍ രാത്രി 10 വരെ കുപ്പികള്‍ സ്റ്റേഷനില്‍ എത്തിക്കാം. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും. 

ഇങ്ങിനെ ശേഖരിക്കുന്ന കുപ്പികള്‍ പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായുള്ള യന്ത്രം പാലാരിവട്ടം, കുസാറ്റ്, ഇടപ്പള്ളി സ്റ്റേഷനുകളിലാനുള്ളത്. പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക്‌ റോഡ്‌ ടാറിങ്ങിനും വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കും.