കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള പാതയിൽ സർവീസിന് അനുമതി. മെട്രോറെയിൽ സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പ്രവർത്തനാനുമതി ലഭിച്ചത്. ഒക്ടോബർ മൂന്നിനാണ് ഉദ്ഘാടനം.
കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് കുതിക്കുകയാണ്. മെട്രോ റെയിൽ സുരക്ഷാകമ്മീഷണറിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ചതോടെ അവസാനകടമ്പയും കടന്നു. ഇനി ഒക്ടോബർ മൂന്നിന് ഉദ്ഘാടനം. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന് മുമ്പ് കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ കുതിക്കുമെന്ന കെഎംആർഎലിന്റെ വാഗ്ദാനമാണ് നടപ്പാകുന്നത്. മെട്രോ റെയിൽ സുരക്ഷ കമ്മിഷണർ കെ.എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസങ്ങളിലായി പാതയിലെ പരിശോധന പൂർത്തിയാക്കിയിരുന്നു. ട്രാക്കുകളുടെ കാര്യക്ഷമത, സിഗ്നലിംഗ് സംവിധാനം, കൺട്രോൾ യൂണിറ്റുകൾ, സ്റ്റേഷനുകളിലെ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു. ട്രെയിനിൽ സഞ്ചരിച്ച് സർവീസിന്റെ കാര്യക്ഷമതയും വിലയിരുത്തിയിരുന്നു. ഒക്ടോബർ മൂന്നിന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പാതയുടെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യാതിഥിയാകും. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. സർവീസ് മഹാരാജാസ് വരെയെത്തുന്നതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം മെട്രോ കടന്നുപോകും. മെട്രോ ഇറങ്ങിയെത്തുന്ന യാത്രക്കാർക്ക് മറ്റിടങ്ങളിലേക്ക് പോകാൻ കൂടുതൽ ഫീഡർ സർവീസുകളും ഏർപ്പെടുത്തുന്നുണ്ട്. ഇതോടെ കൂടുതൽ യാത്രക്കാർ മെട്രോയിലേറുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
