തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സ്മാര്‍ട്ട് സിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സ്മാര്‍ട്ട് സിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, സിഇഒ ബാജു ജോര്‍ജ്ജ്, ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എംഎ യൂസഫലി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച്ചയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു വര്‍ഷത്തിനുള്ളില്‍ അറുപത് ലക്ഷം ചതുരശ്രമീറ്ററിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഓഗസ്റ്റ് ആദ്യവാരം ഡയറക്ടര്‍ ബോര്‍ഡ് ചേരും. ഓരോ മൂന്നുമാസം കൂടുമ്പോള്‍ നിര്‍മ്മാണ പുരോഗതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ അറിയിക്കും. ആദ്യ ഘട്ട റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ കൈമാറും.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി നളിനി നെറ്റോ, പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.