കൊച്ചി: സംസ്ഥാനത്തെ ആദ്യ എയ്ജ് ഫ്രെണ്ട്‍ലി (പ്രായ സൌഹൃദ) സിറ്റിയാകാനൊരുങ്ങി കൊച്ചി. ഈ മാസം ഒന്നിനാണ് എയ്ജ് ഫ്രെണ്ട്‍ലി സിറ്റിയായി കൊച്ചിയെ പ്രഖ്യാപിക്കുക. വയോമിത്രം,ഡേ കെയര്‍ കേന്ദ്രങ്ങള്‍, എയ്ജ് ഫ്രെണ്ടലി ഹെല്‍ത്ത് കെയര്‍ തുടങ്ങിയ പദ്ധതികളാണ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സുഭാഷ് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയ്ന്‍ അദ്ധ്യക്ഷത വഹിക്കും. സുഭാഷ് പാര്‍ക്കാണ് സംസ്ഥാനത്തെ ആദ്യ എയ്ജ് ഫ്രെണ്ട്‍ലി പാര്‍ക്ക്.
മക്കള്‍ ജോലിക്ക് പോകുന്നതോടെ വീട്ടില്‍ ഒറ്റപ്പെടുന്ന പ്രായമായ മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ ഉല്ലാസമാണ് ഡേ കെയര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള ഡേ കെയര്‍ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ചെക്കപ്പും, പോഷകാഹാരമുള്ള ഭക്ഷണങ്ങളും ഇവര്‍ക്കു ലഭ്യമാകും. പല വിധത്തിലുള്ള വിനോദ പരിപാടികളും ഇവര്‍ക്ക് ഇവിടെയുണ്ടാകും.
ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് വയോമിത്രം പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എയ്ജ് ഫ്രെണ്ട്‍ലി ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ ജനറല്‍ ആശുപത്രിയില്‍ വയോജനങ്ങള്‍ക്കായി മെമ്മറി ക്ലിനിക്ക് സ്ഥാപിക്കും. വയോജനങ്ങള്‍ക്കായി സ്പോര്‍ട്സ് മീറ്റും സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. വയോജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള സൗകര്യവും പരിഗണനയിലുണ്ട്.
