തിരുവനന്തപുരം: ക്വട്ടേഷൻ കൊടുക്കുന്ന പണി പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നും കോടിയേരി പറഞ്ഞു.

സമാധാന ശ്രമങ്ങളോടുളള വെല്ലുവിളിയാണ് കോണ്‍ഗ്രസിന്‍റെ ബഹിഷ്കരണം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് തെറ്റിച്ചെന്ന് കോണ്‍ഗ്രസിന്‍റെ സര്‍വ്വകക്ഷി സമാധാനയോഗ ബഹിഷ്കരണം. അക്രമവും അരാജകത്വവും കലാപവും സൃഷ്ടിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ഷുഹൈബ് വധക്കേസില്‍ പാര്‍‌ട്ടിക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കും. കുറ്റം ചെയ്തവര്‍ ആരായാലും സംരക്ഷിക്കില്ല എന്നും കോടിയേരി പറഞ്ഞു. 

അതേസമയം ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കെതിരെ ആകാശിന്‍റെ മൊഴി വന്നു. പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി ആകാശ് തില്ലങ്കേരി മൊഴി നല്‍കി. ഡമ്മി പ്രതികളെ നല്‍കാമെന്നായിരുന്നു ഉറപ്പ്. വെട്ടാനുളള നിര്‍ദേശം ഡിവൈഎഫ്ഐ പ്രാദേശിക നേതാവില്‍ നിന്നാണ് ലഭിച്ചതെന്നും ആകാശ് പറഞ്ഞു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു.