തിരുവനന്തപുരം:മകന്‍ ബിനോയിക്കെതിരായി ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിവാദങ്ങളെക്കുറിച്ച് കോടിയേരി വിശദീകരിച്ചത്.തന്‍റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ രേഖകള്‍ സഹിതം വിശദീകരിച്ചു കൊണ്ട് കോടിയേരി പ്രതിരോധിച്ചുവെന്നാണ് അറിയുന്നത്. കോടിയേരിയുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

നിലവില്‍ തന്‍റെ മകന്‍ ബിനോയിക്കെതിരെ ഇന്ത്യയ്ക്ക് അകത്തോ പുറത്തോ കേസുകളൊന്നുമില്ലെന്ന് കോടിയേരി സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കി.നേരത്തെ ദുബായിലെ കോടതിയില്‍ ഒരു കേസുണ്ടായിരുന്നുവെങ്കിലും അത് പിഴയടച്ച് തീര്‍പ്പാക്കിയതാണ്. 

പതിനഞ്ച് വര്‍ഷത്തിലേറെയായി തന്‍റെ് മകന്‍ പ്രവാസിയാണ്. ജോലി തേടിയാണ് ആദ്യം പോയത് പിന്നീടാണ് പണം കടം വാങ്ങിയും മറ്റും ബിസിനസിലേക്ക് തിരിയുന്നത്. ഇത്തരത്തിലൊരു ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ സമയത്ത് ആസൂത്രിതമായി പൊക്കിയെടുത്തിരിക്കുന്നതെന്നും കോടിയേരി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു.