തിരുവനന്തപുരം: പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ ഇന്നുതന്നെ ഡിജിപിക്ക് പരാതി നല്‍കുമെന്നു ബിജെപി വ്യക്തമാക്കി. അക്രമം പ്രോത്സാഹിപ്പിക്കലല്ല സര്‍ക്കാര്‍ നയമെന്നു സിപിഐ നേതാവും മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ പറഞ്ഞപ്പോള്‍, പി ജയരാജന്‍ കോടിയേരിയെ ന്യായീകരിച്ചു.

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗ വിവാദം കത്തുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി അണികളെ അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപിയും കോടിയേരിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടു. പൊലീസിനെ പാര്‍ട്ടിയുടെ വരുതിയിലാക്കാനാണു കോടിയേരിയുടെ ശ്രമമെന്നാണ് ബിജെപി വിമര്‍ശനം. കെ. സുധാകരനും ആര്‍എസ്‌പി സെക്രട്ടറി എഎ അസീസും കോടിയേരിക്കെതിരെ രംഗത്തെത്തി.

അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടിയേരിക്ക് പ്രതിരോധം തീര്‍ത്തു. കോടിയേരിക്കെതിരായ സുധീരന്റെ വിമര്‍ശനം ആര്‍എസ്എസിനെ സഹായിക്കാനാണെന്നു ജയരാജന്‍ ആരോപിച്ചു.