ഹെഡ്ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് എണ്ണക്കുപ്പി വിശദീകരണവുമായി ഫ്ലിപ്കാര്‍ട്ടും ബിജെപിയും

കൊല്‍ക്കത്ത: ലോകകപ്പ് മത്സരങ്ങള്‍ കാണുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്താതെയിരിക്കാന്‍ ഫ്ലിപ്കാര്‍ട്ട് വഴി ഹെഡ്‌ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു കൊല്‍ക്കത്ത സ്വദേശിയായ ഒരു ഫുട്‌ബോള്‍ ആരാധകന്‍. ഓര്‍ഡര്‍ വന്നപ്പോള്‍ കിട്ടിയത് ഒരു കുപ്പി നിറയെ എണ്ണ. ഉടന്‍ തന്നെ പാക്കറ്റില്‍ കാണിച്ച ഹെല്‍പ്‍ലൈന്‍ നമ്പറിലേക്ക് വിളിച്ചു. ഫോണിന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും വൈകാതെ ഒരു മെസേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം. ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കൂ എന്ന പുതിയ ഓഫര്‍.

വീണ്ടും പല തവണ ഹെല്‍പ്‍ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മെസേജുകള്‍ തന്നെ വന്നു. സംഭവം വിവാദമായതോടെ വിശദീകരണങ്ങളുമായി ഫ്ലിപ്കാര്‍ട്ടും ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്.

2 ജോഡി ഹെഡ്‌ഫോണിന് പകരം നിലവില്‍ സ്റ്റോക്കുള്ള ഒരു ജോഡി അയയ്ക്കാം, ബാക്കി പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും തെറ്റി വന്ന ഓര്‍ഡറായ എണ്ണ താങ്കള്‍ക്ക് ഉപയോഗിക്കാമെന്നുമായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ മറുപടി. മൂന്ന് വര്‍ഷം മുമ്പ് പാക്കറ്റുകളില്‍ പതിപ്പിച്ച നമ്പര്‍ പിന്നീട് മാറിയിരുന്നു. എന്നാല്‍ അബദ്ധവശാല്‍ പഴയ പാക്കറ്റുകള്‍ വീണ്ടും ഉപയോഗത്തില്‍ വരികയായിരുന്നുവെന്നും ഫ്ലിപ്കാര്‍ട്ട് വിശദീകരിച്ചു.

അതേസമയം ബിജെപിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി അംഗത്വമെടുക്കാനുള്ള നമ്പര്‍ സൈറ്റിലും ഫേസ്ബുക്ക് പേജിലും നല്‍കിയിട്ടുണ്ടെന്നും ബിജെപി ബംഗാള്‍ ഘടകം മേധാവി അറിയിച്ചു.