ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്യുകയായിരുന്ന കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് കൊൽക്കത്തയിലേക്ക് മടങ്ങാൻ അനുമതി. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിടുന്നത്. ഇന്ന് മൂന്ന് മണിക്കൂറോളം ഷില്ലോങ്ങിൽ ചോദ്യം ചെയ്തിരുന്നു. 

ശാരദ, റോസ്വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് രാജീവ്കുമാറിനെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോദ്യം ചെയ്തത്. ഇതുവരെ 27 മണിക്കൂര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് വിധേയനായി. ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു രാജീവ്. 

തൃണമൂല്‍ നേതാക്കള്‍ക്ക് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ രാജീവ് നശിപ്പിച്ചതായി സിബിഐ പറയുന്നു. ഇയാളെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കല്‍ക്കത്തയില്‍ വെച്ച് മമതയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഷില്ലോങ്ങില്‍ സിബിഐക്ക് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.