കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടമുണ്ടായശേഷം ഒളിവിലായിരുന്ന ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങി. ക്രൈം ബ്രാഞ്ചിനു മുന്നിലാണ് ഭാരവാഹികളായ അഞ്ചു പേരും കീഴടങ്ങിയത്. അപകടവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതു ക്രൈം ബ്രാഞ്ച് ആണ്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, ഖജാന്‍ജി പ്രസാദ്, സോമസുന്ദരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള എന്നിവരാണു കീഴടങ്ങിയത്. ഇവരെ കൊല്ലം ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്തിച്ചതായാണു വിവരം.

ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സയെക്കുറിച്ചു വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഒമ്പതിന് അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

അപകടത്തില്‍ പരുക്കേറ്റ 61 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ അതീവഗുരുതരമായി പൊള്ളലേറ്റ ഏഴു പേര്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ദില്ലിയില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ നിന്നുമുളള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുരുകയാണ്.