കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് വെള്ളത്തിന് പകരം ശുചിമുറികളില്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കാന്‍ നല്‍കിയതായി പരാതി..വെള്ളിമണ്‍ സ്വദേശി ലീലാഭായി ആണ് ലോഷന്‍ കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായത്.സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇഎസ്ഐ അധികൃതര്‍ തയ്യാറായിട്ടില്ല.
കൊല്ലം വെള്ളിമണ്‍ സ്വദേശി ലീലാഭായിയെ രണ്ട് ദിവസം മുന്‍പാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇഎസ്ഐയുടെ രേഖകള്‍ ശരിയാക്കി വരാന്‍ ബന്ധുക്കളോട് ആശുപത്രിയധികൃതര്‍ ആവശ്യപ്പെട്ടു. ദിവസം ഒന്ന് കഴിഞ്ഞിട്ടും ലീലഭായിയുടെ ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. തിരക്കുമ്പോള്‍ ആശുപത്രിയധികൃതര്‍ ഒഴിഞ്ഞ് മാറിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബഹളം വച്ചതിനെത്തുടര്‍ന്ന് മകളെ മാത്രം കാണാന്‍ അനുവദിച്ചു. മകള്‍ ഇവര്‍ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രിയിലെ നഴ്‌സ് കലക്കിവച്ച ലോഷന്‍ നല്‍കിയെന്ന് ലീലാ ഭായി പറയുന്നു. ആശുപത്രിയധികൃതര്‍ വിശദകരണം നല്‍കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു.
ഇക്കാര്യം അന്വേഷിക്കാന്‍ ഞങ്ങള്‍ വിളിച്ചപ്പോഴും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് ഫോണ്‍ കട്ടാക്കുകയായിരുന്നു.
