പെൺകുട്ടിക്ക് വയറുവേദന ആണെന്നും ചികിത്‍സ നടക്കുന്നതിനാലാണ് ക്ലാസിൽ വരാത്തതെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.

കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. യുവതിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. യുവതിയെ നിർബന്ധിച്ച് ഗര്‍ഭച്ഛിത്രം നടത്തിച്ച ശേഷം ഭ്രൂണം ഇയാൾ തന്നെ മറവ് ചെയ്തു. 

 കൊല്ലം പരവൂര്‍ സ്വദേശി ബൈജുവാണ് പീഡ‍നക്കേസിൽ പരവൂര്‍പോലീസിന്‍പിടിയിലായത്. കൂലിപ്പണിക്കാരനായ ബൈജുവുമായി അടുപ്പത്തിലായിരുന്ന വീട്ടമ്മയുടെ ഭിന്നശേഷിക്കാരിയായ മകളെയാണ് ഇയാൾ ബലാത്സംഗംചെയ്തത്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. ഭിന്നശേഷിക്കാർക്കായുള്ള സ്കൂളിൽ പോയിരുന്ന പെൺകുട്ടി ദിവസങ്ങളോളം അവധിയെടുത്തതോടെ അധികൃതര്‍വീട്ടിലെത്തി അന്വേഷിച്ചപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്. 

പെൺകുട്ടിക്ക് വയറുവേദന ആണെന്നും ചികിത്‍സ നടക്കുന്നതിനാലാണ് ക്ലാസിൽ വരാത്തതെന്നുമായിരുന്നു അമ്മയുടെ പ്രതികരണം. എന്നാൽ അമ്മയുടെ വാക്കുകളിലെ പലകാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് കണ്ട സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഗർഭിണിയായ യുവതിയെ അമ്മയും പ്രതിയും ചേ‍ർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് കണ്ടെത്തി. 

വളർച്ചയെത്തിയ ഭ്രൂണം പ്രതിയായ ബൈജുവിന്‍റെ പുരയിടത്തിലാണ് മറവ് ചെയ്തത്. പിന്നാലെ ബൈജു മുംബയിലേക്ക് മുങ്ങിയെങ്കിലും പൊലീസിന്റെ പിടി വീണു. തെളിവെടുപ്പിന് ശേഷം പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തതിന് യുവതിയുടെ അമ്മയേയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.