പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ കരാറെടുത്ത കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും സഹോദരന്‍ സത്യനും മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 111 ആയി. ദുരന്തത്തില്‍ 90 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഉച്ചയോടെയാണ് മരിച്ചത്.

രാവിലെ അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ രണ്ട് മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. സുരേന്ദ്രന്റെ സഹോദരനും സഹായിയുമായ സത്യന്‍ രാവിലെയാണ് മരിച്ചത്. 349 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.ഇതില്‍ 25 പേരുടെ നില ഗുരുതരമാണ്.

13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. 21 പേരെ കാണാതായെന്നാണ് പൊലീസിന് ലഭിച്ച വിവരം.ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സര്‍‍ക്കാര്‍ ഏറ്റെടുക്കും.