വോട്ടെടുപ്പ് തടസപ്പെടുത്താന്‍ പാര്‍ലമെന്റില്‍ ടിയര്‍ഗ്യാസ് പൊട്ടിച്ച് നിയമസഭാംഗങ്ങള്‍

കൊസോവ: ഭരണപക്ഷത്തിന്റെ തീരുമാനങ്ങളെ എതിര്‍ക്കാന്‍ പ്രതിപക്ഷം എന്തു ചെയ്യും. ബഹളമുണ്ടാക്കും, നിയമസഭാ നടപടികള്‍ തടസപ്പെടുത്തും, സഭാനടപടികള്‍ ബഹിഷ്കരിക്കും ഇവയെല്ലാമാണ് സാധാരണയായി നിയമസഭയില്‍ കാണാന്‍ കഴിയുക. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വേറിട്ട മുഖം നല്‍കിയിരിക്കുകയാണ് കൊസോവയിലെ പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങള്‍.

രാജ്യാതിര്‍ത്തി സംബന്ധിച്ച വോട്ടെടുപ്പ് തടസപ്പെടുത്താന്‍ പാര്‍ലമെന്റില്‍ ടിയര്‍ ഗ്യാസാണ് പ്രതിപക്ഷാഗങ്ങള്‍ പൊട്ടിച്ചത്. ടിയര്‍ ഗ്യാസ് പൊട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ നിയമസഭ കാലിയായി. പിന്നെ വോട്ടെടുപ്പിന്റെ കാര്യം പറയേണ്ടല്ലോ. കൊസോവയുടെ തലസ്ഥാനമായ പ്രിസ്റ്റീനയിലാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാഴ്ചകള്‍ അരങ്ങേറിയത്. 

എന്നാല്‍ ജനാധിപത്യത്തെ അക്രമത്തിലൂടെ നേരിടാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് സ്പീക്കര്‍ പിന്നീട് വിശദമാക്കി. യൂറോപ്പിലെവിടെയും വിസയില്ലാതെ സഞ്ചരിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കാനുള്ളതായിരുന്നു പ്രമേയം. ടിയര്‍ ഗ്യാസ് പോലുള്ള പ്രതിഷേധം യൂറോപ്യന്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് പിന്നീട് യുഎസ് അംബാസിഡര്‍ പ്രതികരിച്ചു. 2008ലാണ് കൊസോവ സ്വാതന്ത്ര്യം നേടിയത്.