കോട്ടയം: ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതിയും പിടിയിലായതായി സൂചന. സംഭവത്തില്‍ ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശിനെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പ്രധാന പ്രതി ഉഴവൂര്‍ കൊണ്ടാട് കൂനംമാക്കില്‍ അനീഷിനെ(35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സംഭവം നടന്നത്. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ അനീഷും, രമേശും കൂടി കാറില്‍ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 

യുവതിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് രമേശ് ആയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ യുവതിയെയും കുഞ്ഞിനെയും തട്ടി ക്കൊണ്ടുപോയത്. തുടര്‍ന്ന് അനീഷ് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒറ്റമുറി വീട്ടില്‍ മൂന്ന് വയസുകാരി മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു പീഡനം. ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെയായിരുന്നു ക്രൂരതയെന്നും യുവതിയുടെ അമ്മ കുറവിലങ്ങാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാനസികമായി തളര്‍ന്ന യുവതി ഇപ്പോഴും ചികിത്സയിലാണ്. കെട്ടിട നിര്‍മ്മാണ കോണ്‍ട്രക്ടറാണ് അനീഷ്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ നാളെ തെളിവെടുപ്പിനായി വയനാട്ടിലെത്തിക്കും. വാഗമണ്ണിലെ വീട്ടിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും വയനാട്ടിലാണ് തങ്ങള്‍ പോയതെന്നാണ് പ്രതി അനീഷ് പൊലീസിനോട് പറഞ്ഞത്. മാനിസികനില തെറ്റിയതിനെ തുടര്‍ന്നാണ് യുവതിയ്ക്ക് സ്ഥലം വ്യക്തമല്ലാത്തതെന്നാണ് പൊലീസ് നിഗമനം. വയനാട്ടിലെ ചെക്ക് പോസ്റ്റുകളിലെ സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കും. കൂടുതല്‍ പേര്‍ യുവതിയെ പീഡിപ്പിച്ചിട്ടുണ്ടോ പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കും. കസ്റ്റഡിയിലായ രമേശ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ഇടുക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.