കോട്ടയം: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ നാടക പരിശീലകന്‍ അറസ്റ്റില്‍. കോട്ടയം കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തില്‍ സിബി (47) യെയാണ് ഈസ്റ്റ് സി.ഐ സാജു വര്‍ഗീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഭാര്യയുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായാണ് കേസ്. 

സിബി

സ്‌കൂള്‍ കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതായി ഡിവൈ.എസ്.പി സഖറിയ മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചിത്രത്തിലുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസ് കേസെടുക്കുകയായിരുന്നു. സിബി കഴിഞ്ഞ കുറെ നാളായി ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് കുറെ കാലം ഒരു ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായി ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് നാടക, വയലിന്‍ പരിശീലകന്‍ മേക്കപ്പ് മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.