പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു

കണ്ണൂര്‍: കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും കൂറ് മാറി. രേഖകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണെന്നാണ് അമ്മ കോടതിയില്‍ മൊഴി നല്‍കിയത്. രേഖകളിലുള്ള ജനന വര്‍ഷം 1999 ആണെന്നും എന്നാല്‍ ഇത് തെറ്റാണെന്നുമാണ് മൊഴി. യഥാര്‍ഥത്തില്‍ പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്നും പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരേ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. 

പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്‍റെ ജനനത്തീയതി തെറ്റാണെന്നും പറഞ്ഞിരുന്നു. പ്രതിയായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി തന്നെയും കുഞ്ഞിനെയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ നിലപാട്. 

പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി വളരെ നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ ഇതുവരെ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്.