കോഴിക്കോട്: തെരുവു വിളക്കുകള്‍ക്ക് മേല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി.അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിങ്കിലും മേയ‍ര്‍ അംഗീകരിച്ചില്ല. ഇതോടെ മേയര്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പ്രശ്നം കയ്യാങ്കളിയില്‍ കലാശിച്ചു.. അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉള്ള തെരുവ് വിളക്കുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കാൻ ഉള്ള കരാറിൽ അഴിമതിയുണ്ടെന്ന ആരോപണം നേരത്തെ ഉയ‍ർന്നിരുന്നു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേയർ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ച‍ർച്ചക്കെടുത്തതോടെയാണ് ബഹളം തുടങ്ങിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി നടപടിയെടുക്കാൻ പറ്റില്ലെന്നും അഴിമതിയിൽ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കാർക്ക് പങ്കുള്ളതിനാൽ വിജിലൻസ് അന്വേഷണം വേണമെന്നും കൗൺസിലർ പിഎം സുരേഷ് ബാബു ആവശ്യപ്പെട്ടു. എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മേയർ സ്വീകരിച്ചത്.

സംഭവത്തിൽ കുറ്റക്കാരായ ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ക്ലർക്ക്, സെഷൻസ് ക്ലാർക്ക്, സൂപ്രണ്ട് എന്നിവർക്കെതിരെ നടപടി എടുത്ത് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മേയർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിൽ അതൃപ്തരായ പ്രതിപക്ഷ കൗൺസില‍മാർ മേയർ അഴിമതിക്ക് കൂട്ടു നിൽക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നം കയ്യാങ്കളിയിൽ കലാശിച്ചത്.