വാഹനാപകടം തളർത്തിയ രജീഷ്ഇരുട്ടടിയായി എപിഎല്‍ റേഷൻ കാർഡ്ചികിത്സ ആനുകൂല്യങ്ങൾ പോലും കിട്ടുന്നില്ലപ്രതിസന്ധിയിൽ കുടുംബം 

കോഴിക്കോട്:കോഴിക്കോട്ട് വാഹനാപകടത്തിൽ ശരീരം തളർന്ന യുവാവിന്‍റെ ചികിത്സ ആനുകൂല്യങ്ങൾക്ക് തടസമായി റേഷൻ കാർഡ്. വൃദ്ധരായ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിന്‍റെ എപിഎല്‍ കാർഡ് മാറ്റി കിട്ടാൻ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. രജീഷിന്‍റെ ജീവിതം ഈ കിടക്കയിലേക്ക് ചുരുങ്ങിയിട്ട് അഞ്ചുവര്‍ഷമായി.

വാഹനാപകടത്തിൽ തളർന്ന രജീഷിന്‍റെ ശരീരം കുടുംബത്തിന്‍റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു. എങ്കിലും പൊരുതാൻ രജീഷ് തയ്യാറായിരുന്നു.പക്ഷേ ചികിത്സാ ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് ഈ കുടുംബത്തിന് കിട്ടിയത് എപിഎല്‍ റേഷൻ കാർഡ്. നേരത്തെ ബിപിഎൽ കാർഡുണ്ടായിരുന്ന കുടുംബത്തിനാണ് സർക്കാർ എപിഎൽ കാർഡ് നൽകിയിരിക്കുന്നത്. കാർഡ് മാറ്റുന്നതിനായി വൃദ്ധരായ മാതാപിതാക്കൾ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു.

ഇതിനിടെ താമസിച്ചിരുന്ന വീട് കാലപഴക്കം കൊണ്ട് നിലംപൊത്തി. താല്‍ക്കാലികമായി നിർമ്മിച്ച ഈ ഷെഡിലാണ് ഇപ്പോൾ താമസം. മകന്‍റെ ചികിത്സക്കായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന ഈ മാതാപിതാക്കൾക്ക് പുതിയൊരു വീടെന്ന സ്വപ്നം പോലും ഇപ്പോഴില്ല. പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് രജീഷിനും കുടുംബത്തിനുമുള്ള ഏക ആശ്രയം.