കോഴിക്കോട്: അകലാപ്പുഴയെ മാലിന്യത്തില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ രംഗത്തെത്തി. കക്കോടി പഞ്ചായത്ത് പരിധിയില്‍ പുഴയില്‍ നിറഞ്ഞ മാലിന്യങ്ങളാണ് ജനകീയ കൂട്ടായ്മയിലൂടെ നീക്കിയത്. ചെറുകുളം മുക്കം കടവ് ഭാഗത്ത് പുഴയില്‍ നിന്ന് മാത്രം 60 ചാക്കുകളിലേറെയായി ഒരു ലോഡ് നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ടയര്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇവയിലേറെയും.

മാലിന്യം വേങ്ങേരി നിറവിന് കൈമാറി. വെസ്റ്റ് ബദിരൂര്‍ ഇ.എം.എസ് ചാരിറ്റബിള്‍ സെസൈറ്റി, ചെറുകുളത്തെ മുക്കം കടവ് റസിഡന്റ്‌സ് അസോസിയേഷന്‍, വിവിധ സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നാട്ടുകാര്‍ രൂപവത്കരിച്ച അകലാപ്പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാലിന്യം നീക്കല്‍ നടക്കുന്നത്. സമിതി ആരംഭിച്ച അകലാപ്പുഴ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായാണ് പരിപാടി. കക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രന്‍ മാലിന്യം നീക്കല്‍ ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ സംരക്ഷണ സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.