കോഴിക്കോട്: ജനജാഗ്രതാ യാത്രക്കിടെ കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ കോടിയേരി യാത്ര ചെയ്തതിനെ ന്യായീകരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് പി മോഹനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫൈസല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. നിലവില്‍ ഫൈസലിനെതിരെ കേസില്ലെന്നും മുസ്ലീം ലീഗിന്റെയും ബിജെപിയുടേയും ആരോപണങ്ങള്‍ യാത്രയുടെ ജനപങ്കാളത്തം കണ്ട് വേവലാതി പൂണ്ടാണെന്നും പി.മോഹനന്‍ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസല്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആര്‍ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫൈസല്‍ സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ കോഫെപോസ ചുമത്തിയിട്ടില്ലെന്നാണ് ഫൈസലിന്റെ വിശദീകരണം. കോടിയേരിയുടെ യാത്രക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമല്ലെന്നും, കൊടുവള്ളിയിലെ ഐഎന്‍എല്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരമാണ് വാഹനം നല്‍കിയതെന്നും ഫൈസല്‍ കാരാട്ട് പറഞ്ഞു.
