നാടിന് വേണ്ടിയുള്ള പ്രയത്നമായിരുന്ന കട്ടിപ്പാറക്കാരുടെ ഈ പെരുന്നാള്‍
കോഴിക്കോട്: കരിഞ്ചോലമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ട് ദിവസം പിന്നിടുന്പോൾ സർക്കാർ സംവിധാനങ്ങൾക്ക് ഊർജമാവുന്നത് നാട്ടുകാരുടെ പിന്തുണയാണ്. തിരച്ചിലിനും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകാനും അത്യധ്വാനം ചെയ്യുകയാണ് നാട്ടുകാർ.
കനത്ത ആഘാതമായി നാടിന് മുകളിൽ വന്ന് പതിച്ച ദുരന്തം. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നാട്ടുകാർ സ്തംബ്ദരായി നിന്നു. എന്നാൽ നോക്കി നിൽക്കാൻ ഇവർക്ക് സാധിക്കുമായിരുന്നില്ല. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും സ്വന്തം ജീവൻ അവഗണിച്ച് രക്ഷാ പ്രവർത്തനത്തിനിറങ്ങി.
സമീപ വീടുകളിലുള്ളവരെയെല്ലാം ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. പൊലീസിന്റെയും അധികൃതരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങൾ. തിരച്ചിലിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചും ഗതാഗതം നിയന്ത്രിച്ചും രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം എത്തിച്ച് നൽകിയും ഒരു നാട് മുഴുവൻ കർമ്മനിരതമാവുന്ന ദിനങ്ങൾ. ഇതിനിടെ പെരുന്നാൾ രാവും ചെറിയ പെരുന്നാളുമെല്ലാം വന്ന് പോയി. നാടിന് വേണ്ടിയുള്ള കഠിന പ്രയത്നവും ഉള്ളിൽ ഉരുകുന്ന പ്രാർത്ഥനയും മാത്രമായിരുന്നു കട്ടിപാറക്കാർക്ക് ഇത്തവണത്തെ പെരുന്നാൾ.
