തിരുവനന്തപുരം: എ.കെ ആന്റണി അടക്കമുള്ള നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ക്യാംപ് എക്സിക്യൂട്ടിവിൽ നേതാക്കളുടെ രൂക്ഷ വിമര്‍ശനം. നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടപ്പോൾ സുധീരന്‍ മാറണമെന്ന് എം .എം ഹസനും കെ.സുധാകരനും തുറന്നടിച്ചു .തോല്‍വിക്ക് കാരണം സര്‍ക്കാരിലെ അഴിമതിയാണെന്നും സോളാര്‍ വിവാദത്തിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയാണെന്നും ദേശീയ നേതൃത്വത്തെ ഒന്നിനും കൊള്ളില്ലെന്നുംവരെ യോഗത്തില്‍ വിമര്‍ശനങ്ങളുമുയര്‍ന്നു.

കനത്ത തോല്‍വിക്ക് ഉത്തരവാദി സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്വം തന്നെയാണെന്നും വിമര്‍ശനമുയര്‍ന്നു. നേതൃത്വം അഴിമതിക്കാരാണെന്നും വിശ്വാസ്യതയില്ലെന്നും മതേരമുഖവുമില്ലെന്നും പറഞ്ഞ വി.ഡി.സതീശന്‍ സംസ്ഥാന കോണ്‍ഗ്രസിൽ തലമുറ മാറ്റം വേണമെന്നും ഉമ്മന്‍ ചാണ്ടി –ചെന്നിത്തല-സുധീരന്‍ നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളും കെ.പി.സി.സി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ വരുത്തിയ വീഴ്ചയാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു .

സോളാര്‍ കേസിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും എ.പി അനിൽകുമാറുമാണെന്ന് കെ.കെ കൊച്ചു മുഹമ്മദ് തുറന്നടിച്ചു. അതേസമയം, തോല്‍വിക്ക് മുഖ്യ ഉത്തരവാദി വി എം സുധീരനാണെന്ന് എം.എം ഹസന്‍ വിമര്‍ശിച്ചു. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സംഘടനാ രംഗത്ത് അടിമുടി മാറ്റം വേണമെന്നും. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാൻ താന്‍ തയ്യാറെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു . സുധീരന്റെ ശൈലി കെ.പി.സി.സി പ്രസിഡന്റ് പദവിക്ക് യോജിച്ചതല്ലെന്നായിരുന്നു കെ.സുധാകരന്റെ വിമര്‍ശനം.മാറേണ്ടവര്‍ മാറണം,മാറ്റേണ്ടവരെ മാറ്റണമെന്ന് ബെന്നി ബെഹനാനാനും ആവശ്യപ്പെട്ടു.

മദ്യനയം പാളിയെന്നും യോഗത്തില്‍ പൊതു വികാരമുണ്ടായി. ആദര്‍ശനം പറയാനേ കൊള്ളൂ പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ദേശീയ നേതൃത്വം ഒന്നിനും കൊള്ളിലെന്ന് സമരങ്ങള്‍ നടത്താൻ ത്രാണിയില്ലെന്നും കൊച്ചു മുഹമ്മദ് വിമര്‍ശിച്ചു. ബീഫ് വിവാദത്തിൽ ഒരു സമരം പോലും ചെയ്യാതെ ബി.ജെ.പിക്കെതിരെ പ്രസ്താവനയിറക്കിയിട്ടെന്തു കാര്യം.ദില്ലിയിൽ പറയുന്നതെല്ലാം കേട്ടിരിക്കാതെ ആന്റണി അഭിപ്രായം പറയണം. അവിടെ ശ്രദ്ധിച്ചിട്ട് കാര്യമില്ല ,ആന്‍റണി ഇവിടെത്തെ കാര്യങ്ങളിനി ശ്രദ്ധിക്കണമെന്നായിരുന്നു അഴകേശന്റെ ആവശ്യം. ലാലി വിന്‍സെന്റ്, ലതികാ സുഭാഷ് എന്നിവര്‍ വനിതകളെ അവഗിച്ചണിതിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്.