തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ കെ.പി.സി.സി രാഷ്‌ട്രീയകാര്യസമിതിയില്‍ തീരുമാനം.സമവായത്തെ ഉമ്മന്‍ചാണ്ടിയും അനുകൂലിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ഗ്രൂപ്പ് വീതം വയ്പാകരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കെ.മുരളീധരന്റെ അഭിപ്രായത്തിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സമവായത്തിലൂടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു.വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റെന്നാണ് ധാരണ. സമവായത്തെ അനുകൂലിക്കുന്നുവെന്ന് നേരത്തെ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി കെ.പി.സി.സി രാഷ്‌ട്രീയകാര്യസമിതിയില്‍ വ്യക്തമാക്കി. അതേസമയം, സമവായമെന്നത് ഗ്രൂപ്പ് വീതംവയ്പായാല്‍ പാര്‍ട്ടിയുടെ സര്‍വനാശത്തിന് ഇടയാക്കുമെന്ന് വി.എം സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രതിസന്ധി ഘടത്തില്‍ കഴിവുള്ളവര്‍ ഒഴിവാക്കപ്പെടുന്നത് ഗുണം ചെയ്യില്ല. സുധീരന്റെ അഭിപ്രായത്തെ പി.ജെ കുര്യന്‍,പി.സി ചാക്കോ, കെ.സി വേണു ഗോപാല്‍, എം.ഐ ഷാനവാസ് തുടങ്ങിയ നേതാക്കളും പിന്തുണച്ചു. പ്രതിപക്ഷ നേതാവിനെ ചൊല്ലി തര്‍ക്കമില്ലെന്ന് ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്‌ട്രീയകാര്യസമിതി പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.

കെ.മുരളീധരന്‍റെ അഭിപ്രായത്തെക്കുറിച്ചു ചര്‍ച്ച വേണ്ടെന്ന യോഗം തുടങ്ങിയപ്പോള്‍ ഹസന്‍ പറഞ്ഞെങ്കിലും മുരളിയുടെ അഭിപ്രായം ശരിയായില്ലെന്ന് പി.സി ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വിമര്‍ശിച്ചു. ചര്‍ച്ച വേണ്ടെന്ന് നിര്‍ദേശിച്ചിട്ടും വിമര്‍ശിച്ചത് ഉചിതമായില്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. തോമസ് ചാണ്ടി, പി.വി അന്‍വര്‍, കോവളം, വന്‍കിട കയ്യേറ്റ വിഷയങ്ങളില്‍ പാര്‍ട്ടി കര്‍ശന നിലപാട് എടുക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.