Asianet News MalayalamAsianet News Malayalam

കെപിസിസി പുനസംഘടന; രാഷ്ട്രീയകാര്യ സമിതി രണ്ട് ദിവസത്തിനകം

KPCC political committee will form in two days
Author
First Published Aug 23, 2016, 3:18 PM IST

തിരുവനന്തപുരം: കെപിസിസി പുനസംഘടനക്ക് മുന്നോടിയായി  രണ്ട് ദിവസത്തിനകം രാഷ്ട്രീയകാര്യസമിതി നിലവിൽ വരും. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കമാൻഡ് വി എം സുധീരനോട് ആവശ്യപ്പെടും. പാർട്ടിയിൽ ഇപ്പോൾ അഴിച്ചുപണി വേണ്ടെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാൻഡ് വീണ്ടും തള്ളിക്കളഞ്ഞു.

ഒടുവിൽ ഹൈക്കമാൻഡ് തീരുമാനത്തിന് നേതാക്കൾ വഴങ്ങുകയായിരുന്നു. മൂന്ന് മാസത്തിനകം പുനസംഘടനയും പിന്നീട് സംഘടനാതെരഞ്ഞെടുപ്പുമാണ് നേതൃത്വം ലക്ഷ്യമിടുന്നത്. സംഘടനാതെരഞ്ഞെടുപ്പ് വരെ കെപിസിസി പ്രസിഡന്റായി വി എം സുധീരൻ തുടരും. ഇക്കാര്യങ്ങളിലെ അഭിപ്രായവ്യത്യാസം രാഹുൽഗാന്ധിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയ  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും  അറിയിച്ചു. സംഘടനാതെരഞ്ഞെടുപ്പിന് മുൻപ് പുനസംഘടന വിചാരിച്ച ഗുണം ചെയ്യില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
സംഘടനാതെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചാലും നടത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള സുധീരന്റെ നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശും അറിയിച്ചു. ഇതേത്തുടർന്നാണ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് സുധീരനോട് നിർദ്ദേശക്കുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കിയത്.

എന്നാൽ പുനസംഘടന എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഹൈക്കമാൻഡ് ഉറച്ച് നിലപാട് എടുത്തതോടെ നേതാക്കൾ എതിർപ്പ് മയപ്പെടുത്തി.കെഎസ് യുവിലെ സംഘടനാതെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അതിപ്രസരമുണ്ടെന്ന് സുധീരന്റെ വിമർശനം അടിസ്ഥാനരഹിതമാണെന്ന് നേതാക്കൾ വ്യക്തമാക്കി. 15 പേരടങ്ങുന്ന രാഷ്ട്രീയകാര്യസമിതിക്കാണ് രൂപം നൽകുന്നത്. പുനസംഘടനയെക്കുറിച്ചും ഈ രാഷ്ട്രീകാര്യസമിതിയായിരിക്കും തീരുമാനിക്കുക

കടുത്ത എതുർപ്പുയർന്നിട്ടും ഹൈക്കമാൻഡ് നിലപാട് മാറ്റിയില്ല എന്നത് ഇരുഗ്രൂപ്പുകൾക്കും തിരിച്ചടിയായി. ഇനി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചാലും ഇപ്പോഴത്തെ തർക്കങ്ങൾ അവസാനിക്കാനിടയില്ല

Follow Us:
Download App:
  • android
  • ios