തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് വിവാദത്തെ ചൊല്ലി കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ കലാപക്കൊടി. പിന്തിരിപ്പന്‍ നയം അവസാനിപ്പിക്കണമെന്നും കയ്യേറ്റമൊഴിപ്പിക്കലിനൊപ്പം നില്‍ക്കുന്നതാകണം പാര്‍ട്ടി നയമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കയ്യേറ്റത്തിന് കുരിശ് മറയാക്കരുതെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ തിരുത്തി.
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലടക്കം വിവാദ വിഷയങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത രീതിയില്‍ വലിയ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ യുവനിര. കയ്യേറ്റങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി നിലപാടെടുക്കേണ്ടതെന്നും ആദ്യ നിലപാട് പിന്തിരിപ്പന്‍ നയമാണെന്നും വി ഡി സതീശനും എം ലിജുവും പി സി വിഷ്ണുനാഥും രാഷ്ട്രീയകാര്യ സമിതിയില്‍ വാദിച്ചു. നിലപാട് തിരുത്താന്‍ തയ്യാറാകണം. കുരിശ് മാറ്റിയ രീതി ശരിയായില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രതികരണത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. തങ്കച്ചനെ എം എം ഹസ്സന്‍ തിരുത്തി.
മൂന്നാര്‍, എം എം മണി വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് രാഷ്ട്രീയകാര്യ സമിതിയിലെ പൊതു ധാരണ. നിയമസഭയിലും സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നാണ് തീരുമാനം.
