തൃശൂര്‍: അന്തരിച്ച പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്നു കെ ആര്‍ മോഹനന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശൂര്‍ ചാവക്കാട്ടെ വീട്ടില്‍ സഹോദരന്‍മാരും അവരുടെ മക്കളും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ എന്നിവരടക്കം രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. നൂറ് കണക്കിനാളുകളാണ് സാഹിത്യ അക്കാദമി ഹാളിലും വീട്ടിലുമായി പ്രിയ സംവിധായകനെ അവസാനമായി കാണാനെത്തിയത്. മൂന്ന് സിനിമകളും മുപ്പതിലേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്ത കെ ആര്‍ മോഹനന്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചത്.