മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്.

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയായളെ അറസ്റ്റ് ചെയ്തു. യുഎഇയില്‍ നിന്ന് ഫേസ്ബുക്ക് വഴി വധഭീഷണി ഉയര്‍ത്തിയ കൃഷ്ണകുമാര്‍ നായര്‍ എന്നയാളെയാണ് നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദില്ലി വിമാനത്താവളത്തില്‍ വെച്ച് വ്യാഴാഴ്ട ദില്ലി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കേരള പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൊച്ചിയിലെത്തിക്കും. 

അബുദാബിയിലെ പ്രവാസികളായ ചില മലയാളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. കൃഷ്ണകുമാറിന് വധഭീഷണി ഉള്ളതിനാല്‍ ദില്ലി വഴി യാത്ര ചെയ്യാന്‍ പൊലീസാണ് അറിയിച്ചത്. ഇക്കാര്യം ഇയാള്‍ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്‍ കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണ് കമ്പനി ഇയാള്‍ക്ക് ദില്ലിയിലേക്ക് ടിക്കറ്റ് നല്‍കിയത്. വ്യാഴാഴ്ട വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം ട്രെയിന്‍ മാര്‍ഗമാണ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്. താന്‍ പഴയ ആര്‍എസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. അത് കൊലപാതകത്തിന് വേണ്ടിയുള്ളതാണ്. പഴയ കത്തിയും മറ്റും തേച്ച് മിനുക്കുകയാണെന്നും തന്റെ പാസ്‍പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തരാമെന്നും പറഞ്ഞ അദ്ദേഹം എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യാനും വെല്ലുവിളിച്ചിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ നിരവധിപ്പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് ഇയാള്‍ വീണ്ടും ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഭീഷണി മുഴക്കുന്ന വീഡിയോയും നീക്കം ചെയ്തു. ജോലി പോയി നാട്ടിലേക്ക് വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ ദില്ലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.