തൃശൂർ: ജിഷ്ണുകേസിൽ അറസ്റ്റിലായ പി കൃഷ്ണദാസിനെ വിട്ടയച്ചു . ഇരിങ്ങാലക്കുട ഡിവൈഎസ്‍പി ഓഫീസിൽ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൃഷ്ണദാസിനെ വിട്ടയച്ചത് . ആവശ്യമെങ്കിൽ ഇനിയും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു .

പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസിലാണ് ഒന്നാംപ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ അന്വേഷണ സംഘം ഇന്ന് വൈകിട്ട് അറസ്റ്റ് ചെയ്തത്.

ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാലാണ് ചോദ്യം ചെയ്ത് വിട്ടയച്ചത്. ജിഷ്ണു കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കൾ നാളെ ഡി.ജി.പിയുടെ ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്ന് കരുതുന്നു.

കൃഷ്ണദാസിന് ഹൈകോടതിയില്‍ നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഇരു ഹരജികളും സുപ്രീംകോടതി 27ന് പരിഗണിക്കും.

അതേസമയം നാളെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തുടങ്ങാനിരിക്കുന്ന സമരത്തിൽ മാറ്റമില്ലെന്ന് ജിഷ്‍ണുവിന്‍റെ കുടുംബം അറിയിച്ചു. കൃഷ്ണദാസിന്റേത് അറസ്റ്റ് നാടകമാണെന്നും കുടുംബം ആരോപിച്ചു.