ജീവനക്കാരെ വെട്ടിക്കുറച്ചും തസ്തികകള്‍ ഒഴിവാക്കിയും കെഎസ്ഇബിയുടെ കാര്യക്ഷമത കൂട്ടാന്‍ ശുപാര്‍ശ. കോഴിക്കോട് ഐഐഎം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. വൈദ്യുതി മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലും ഐഐഎം റിപ്പോര്‍ട്ട് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്, ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കേയാണ് കെഎസ്ഇബിയുടെ പ്രവര്‍ത്തന മികവ് കൂട്ടുന്നതിനെ കുറിച്ച് പഠിക്കാന്‍ കോഴിക്കോട് ഐഐഎംനെ ചുമതലപ്പെടുത്തിയത്. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയും കരാര്‍ തൊഴിലാളികളെ നിയമിച്ചും കാര്യക്ഷമത കൂട്ടാമെന്നാണ് ശുപാര്‍ശ. സീനിയര്‍ അസിസ്റ്റന്‍റുമാരുടെ എണ്ണം മൂന്നിലൊന്നാക്കി ചുരുക്കണം. നിലവില്‍ 2950 പേര്‍ കെഎസ്ബിയില്‍ സീനിയര്‍ അസിസ്റ്റന്‍റായി ജോലിചെയ്യുന്നുണ്ട്. ഇത് ആയിരത്തില്‍ താഴെയാക്കണം. ആശ്രിത നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും, ക്രമേണ ഇത്തരം നിയമനം തന്നെ ഇല്ലാതാക്കാനുമാണ് മറ്റൊരു ശുപാര്‍ശ. നിര്‍ദേശങ്ങള്‍ക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.
മീറ്റര്‍ റീഡര്‍മാരുടെ നിയമനം നിര്‍ത്തലാക്കുന്നതിനൊപ്പം, ഇപ്പോഴുള്ള 876 ഒഴിവുകള്‍ നികത്തരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇത്തരം നിയമനങ്ങള്‍ കരാറടിസ്ഥാനത്തില്‍ നടത്തുന്നത്, വലിയ ക്രമക്കേടുകള്‍ക്ക് വഴിവയ്‌ക്കുമെന്നാണ് ജീവനക്കാരുടെ വാദം. 2016 മെയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അനുബന്ധ റിപ്പോര്‍ട്ട് കാക്കുകയാണ് സര്‍ക്കാര്‍. അതിന് ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്ന് വൈദ്യുതിമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
