തിരുവനന്തപുരം: പതിനഞ്ച് കോടി രൂപ ലൈസന്‍സ് ഫീസായി ഉടന്‍ അടക്കണമെന്ന് കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. ലൈസന്‍സ് ഫീസ് അടക്കുന്നതില്‍ ഇളവ് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിക്കൊണ്ടാണ് കമ്മീഷന്‍ നടപടി. പണം അടക്കേണ്ടി വന്നാല്‍ കെഎസ്ഇബിക്ക് നിരക്ക് കൂട്ടേണ്ടി വരും.

വൈദ്യുതി വില്‍പനയും വിതരണവും നടത്തുന്ന സ്ഥാപനങ്ങളാണ് പ്രതിവര്‍ഷം റഗുലേറ്ററി കമ്മീഷന് ലൈസന്‍സ് ഫീ നല്‍കേണ്ടത്. വില്‍പനയുടെ .03 ശതമാനമാണ് ലൈസന്‍സ് ഫീ. 2006 ലാണ് കമ്മീഷന്‍ കെഎസ്ഇബിയോട് ഫീസ് അടക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഫീസ് അടക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കി. കമ്മീഷന്റെ നിരന്തര സമ്മര്‍ദ്ദം മൂലം 2011 മുതല്‍ 15 വരെയുള്ള കാലത്ത് 7.95 കോടി രൂപ കെഎസ്ഇബി ഫീസ് ഇനത്തില്‍ അടച്ചു.

15-7-2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്ന് മുതലുള്ള ഫീസ് അടക്കമെന്ന പുതിയ ഉത്തരവിറക്കി.എന്നാലിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് തള്ളിയ റഗുലേറ്ററി കമ്മീഷന്‍, 2006 മുതലുള്ള തുക അടക്കാന്‍ നിര്‍ദ്ദേശിച്ചു. ലൈസന്‍സ് ഫീസായി 6.43 കോടി രൂപയും പലിശ ഇനത്തില്‍ 7.38 കോടി രൂപയും ഉടന്‍ അടക്കാനാണ് നിര്‍ദേശം.

തുക വാര്‍ഷിക വരവ് ചെലവ് കണക്കില്‍ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്താമെന്നും കമ്മീഷന്‍ പറയുന്നു. അങ്ങിനെയെങ്കില്‍ അടക്കുന്ന തുക തിരിച്ചു പിടിക്കാന്‍ കെഎസ്ഇബിക്ക് നിരക്ക് കൂട്ടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിയുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കുറവാണ്. പുതിയ സര്‍ക്കാറും കെഎസ്ഇബിയുമാണ് നയപരമായ തീരുമാനമെടുക്കേണ്ടത്.