തിരുവനന്തപുരം: കീഴുദ്യോഗസ്ഥയെ ഓഫിസില്‍ വച്ച് അസഭ്യം പറഞ്ഞ ചീഫ് എന്‍ജിനിയര്‍ക്കെതിരായ നടപടി. കെ എസ് ഇ ബി താക്കീതിലൊതുക്കി . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള കംപ്ലെയ്ന്‍റ് കമ്മറ്റി അംഗം ചീഫ് എന്‍ജിനിയർക്ക് സ്വയം വിരമിക്കല്‍ നല്‍കണമെന്ന് നിര്‍ദേശിച്ച കേസിലാണിത്. അതേസമയം പരാതിക്കാരിയെ സ്ഥലം മാറ്റുകയും ചെയ്തു 

കെ എസ് ഇ ബി പാരമ്പര്യേതര ഊര്‍ജവിഭാഗം ചീഫ് എന്‍ജിനിയര്‍ ആര്‍ സുകുവിനെതിരെയാണ് കീഴ് ഉദ്യോഗസ്ഥ പരാതി നല്‍കിയത് . പരാതി കംപ്ലെയെന്‍റ് കമ്മറ്റിക്കും നല്‍കി . ഇതിലെ എക്സ് ഒഫിഷ്യോ അംഗം അഡ്വ.കെ. ചന്ദ്രിക , സുകുവിന് വി ആര്‍ എസ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. പക്ഷേ കെഎസ്ഇബി നടപടി താക്കീതില്‍ ഒതുക്കി.

നടപടി ഉത്തരവില്‍ പരാതിക്കാരിയുടെ പേരും എടുത്തു പറഞ്ഞ് ഇരയുടെ പേര് പരസ്യപ്പെടുത്താന്‍ പാടില്ലായെന്ന നിയമവും ലംഘിച്ചു. പരാതിക്കാരിയെ പാരമ്പര്യേതര ഊര്‍ജവിഭാഗംത്തില്‍ നിന്ന് വാണിജ്യ വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു . 

കെഎസ്ഇബി നടപടി വിവാദമായതോടെ വൈദ്യുതി മന്ത്രി ഇടപെട്ട് സ്ഥലംമാറ്റം റദ്ദാക്കി. ചീഫ് എൻജിനനയര്‍ സുകുവിനെ സുരക്ഷ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ചെയര്‍മാന്‍ ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചെന്നാണ് വിവരം. ചീഫ് എന്‍ജിനിയര്‍ക്കെതിരെ മറ്റൊരു വനിത ഉദ്യോഗസ്ഥയും കംപ്ലെയ്ന്‍റ് കമ്മറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട് . ഇതിന്മേല്‍ സമിതി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.