തിരുവനന്തപുരം: നഷ്ടത്തിലേടുന്ന കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിയിടാനുള്ള സാങ്കേതിക വിഭാഗത്തിന്റെ നടപടിക്ക് തടയിട്ട് കെ.എസ്.ആര്‍.ടി.സി മേധാവി എ.ഹേമചന്ദ്രന്‍. കിഫ്ബി വായ്പയില്‍ 250 എ.സി. ബസുകള്‍ വാങ്ങാനുള്ള നീക്കമാണ് എം.ഡി തടഞ്ഞത്.
60 എ.സി. ബസുകള്‍ ആവശ്യമുള്ളപ്പോഴാണ് വായ്പ്പത്തുകയില്‍ 250 എ.സി. ബസുകള്‍ വാങ്ങാന്‍ സാങ്കേതികവിഭാഗം ഉത്തരവിറക്കിയത്. നിലവില്‍ 250 എ.സി. ബസുകള്‍ ഓടിക്കാനാവശ്യമായ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്കില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ സാധ്യതാ പഠനവും സാങ്കേതിക വിഭാഗം നടത്തിയിട്ടില്ല.
എം.ഡിയുടെ നടപടിയെത്തുടര്‍ന്ന് കിഫ്ബിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റംവരുത്തി. ഫാക്ടറി നിര്‍മിത 60 ഒറ്റ ആക്‌സില്‍ എ.സി. ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. അന്തസ്സംസ്ഥാന പാതകളില്‍ മള്‍ട്ടി ആക്‌സില്‍ ബസുകളാണ് സാധാരണ ഉപയോഗിക്കുന്നത്.
സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലെ സ്വന്തം ബസുകള്‍ കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചിരുന്നു. ഡീലക്‌സ് ബസുകള്‍ ഓടിയിരുന്ന റൂട്ടുകളിലാണ് അവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാടുമായി പുതിയ കരാറില്‍ ഒപ്പിട്ടാല്‍പ്പോലും 250 എ.സി. ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്റര്‍സിറ്റി സര്‍വീസുകള്‍ ആരംഭിച്ചാലാല്‍ തന്നെ പരമാവധി 60 ബസുകള്‍ മതിയാകും. ഇത് പരിഗണിക്കാതെയാണ് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ ബസുകളുടെ എണ്ണം കൂട്ടിയത്.
