തിരുവനന്തപുരം: മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. 

കോര്‍പറേഷന്‍ എംഡി പുറപ്പെടുവിച്ച ഉത്തരവ് അതേ പോലെ പാലിച്ച തങ്ങളെ കുറ്റാക്കാരായി ചിത്രീകരിക്കുകയാണെന്ന് കോര്‍പറേഷനിലെ എല്ലാ വിഭാഗം സംഘടനകളിലെ ജീവനക്കാരും കൂടിയയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ നീതിപൂര്‍വമായ പരിഹാരമുണ്ടായില്ലെങ്കില്‍ മിന്നല്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും കത്തിലൂടെ ജീവനക്കാര്‍ നല്‍കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി എംഡിയായിരുന്ന എം.ജി.രാജമാണിക്യം മുന്‍കൈയെടുത്താണ് മിന്നല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചത്. എളുപ്പമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചും ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം നിര്‍ത്തിയും സര്‍വീസ് നടത്തുന്ന മിന്നല്‍ ബസുകള്‍ മാവേലി ട്രെയിനിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ടാണ് പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുന്നത്.