പാലക്കാട് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
പാലക്കാട്: പെരുവെന്പിൽ കെഎസ്ആര്‍ടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ ഡിപ്പോയിലെ കണ്ട്രോളിങ് ഇന്‍സ്പെക്ടര്‍ ആറുമുഖനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജോലി ഭാരം മൂലമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഒരു വര്‍ഷത്തോളമായി ചിറ്റൂര്‍ ഡിപ്പോയിലെ കണ്ട്രോളിങ് ഇന്‍സ്പെക്ടറാണ് പെരുവെമ്പ് സ്വദേശിയായ ആറുമുഖന്‍. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും അധികസമയം ജോലി ചെയ്തു. ഡ്യൂട്ടി പരിഷ്കാരത്തോടെ സമ്മർദ്ദം ഏറിയെന്നും, ചികിത്സ തേടേണ്ട അവസ്ഥയിൽ എത്തിയെന്നും ബന്ധുക്കൾ പറയുന്നു.
സ്ഥലമാറ്റം ആവശ്യപ്പെട്ട് ആറുമുഖനും ഭാര്യയും കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതനുസരിച്ച് വിജിലൻസ് വിഭാഗത്തിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയ ഉത്തരവ് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു.
ഡോക്ടറെ കണ്ട ശേഷം കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി വ്യാഴാഴ്ച രാത്രിയോടെയാണ് അറുമുഖനും ഭാര്യയും വീട്ടിൽ മടങ്ങിയെത്തിയത്. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ അറുമുഖനെ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം നാളെ എട്ട് മണിയോടെ സംസ്കരിക്കും
