തിരുവനന്തപുരം: നീറ്റ് പ്രവേശന പരീക്ഷ നടക്കുന്ന ഞായറാഴ്‌ച കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസുകള്‍ ഓടിക്കും. കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്ന് പരീക്ഷാകേന്ദ്രങ്ങളായ തിരുവനന്തപുരം ,കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസുകള്‍ ഓടിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ഞായറാഴ്‌ച രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് പരീക്ഷ നടക്കുന്നത്. അതിരാവിലെ പരീക്ഷാകേന്ദ്രങ്ങളായ നഗരങ്ങളിലേക്കും ഉച്ചയ്‌ക്ക് ശേഷം തിരിച്ചും ബസുകള്‍ സര്‍വ്വീസ് നടത്തും. ബസ്സ് പുറപ്പെടുന്ന സമയം അറിയുവാന്‍ വിവിധ ഡിപ്പോകളുമായി ബന്ധപ്പെടണമെന്ന് ജി അനില്‍കുമാര്‍ പറഞ്ഞു.