Asianet News MalayalamAsianet News Malayalam

'മിന്നല്‍' വേഗത്തിലെത്തിക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസ്

ksrtc to launch minnal services soon
Author
First Published Mar 22, 2017, 8:35 PM IST

ജി ആര്‍ അനുരാജ്

തിരുവനന്തപുരം: യാത്രക്കാരെ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ മിന്നല്‍ എന്ന പേരില്‍ കെ എസ് ആര്‍ ടി സി പുതിയ സര്‍വ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി എം ഡി എം ജി രാജമാണിക്യം ഐ എ എസ് ഏഷ്യാനെറ്റ് ഡോട്ട് ടി വിയോട് പറഞ്ഞു. വൈകാതെ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ച് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കും. കെ എസ് ആര്‍ ടി സിയുടെ ഏറ്റവും പുതിയ സൂപ്പര്‍ ഡീലക്‌സ്-ശബരി, സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളായിരിക്കും 'മിന്നല്‍' സര്‍വ്വീസിനായി ഉപയോഗിക്കുക. മിന്നല്‍ സര്‍വ്വീസ് റൂട്ടും സമയക്രമവും സംബന്ധിച്ച് അന്തിമരൂപമായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പില്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയായ ബസുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജമാണിക്യം പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇത്തരം ജനപ്രിയ സര്‍വ്വീസുകളിലൂടെയും മറ്റും കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനുള്ള നടപടികളാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നതെന്നും രാജമാണിക്യം അറിയിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മിന്നല്‍ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിവേഗ സര്‍വ്വീസിനായി നേരത്തെ പുറത്തിറക്കിയ സില്‍വര്‍ ലൈന്‍ ജെറ്റ് ബസുകള്‍ പ്രതീക്ഷിച്ച ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണ് 'മിന്നല്‍' എന്ന പേരില്‍ കെ എസ് ആര്‍ ടി സി പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. 

എന്താണ് മിന്നല്‍ സര്‍വ്വീസ്?

സാധാരണ ബസ് യാത്രയേക്കാള്‍ കുറച്ചുസമയം കൊണ്ട് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തുക്കയാണ് 'മിന്നല്‍' സര്‍വ്വീസിലൂടെ കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നതെന്നും എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍(ഓപ്പറേഷന്‍സ്) ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ഇത് കേരളത്തിലെ അതിവേഗ ബസ് സര്‍വ്വീസായിരിക്കും.

ട്രെയിനേക്കാള്‍ വേഗത്തില്‍ എത്തുകയാണ് മിന്നല്‍ സര്‍വ്വീസിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന തീവണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാള്‍ മുന്നേ മിന്നല്‍ സര്‍വ്വീസ് ഓടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനായി രാത്രികാല സര്‍വ്വീസാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വളരെ കുറച്ച് സ്റ്റോപ്പുകള്‍ മാത്രമായിരിക്കും മിന്നല്‍ സര്‍വ്വീസിന് ഉണ്ടായിരിക്കുക. ഉദാഹരണത്തിന് സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന മിന്നല്‍ സര്‍വ്വീസിന് കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പ്. മൂവാറ്റുപുഴ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന മിന്നല്‍ സര്‍വ്വീസിന് കോട്ടയത്തും കൊട്ടാരക്കരയിലും മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. 

ഓരോ വിഭാഗം ബസുകളും മിന്നലാകും

കെ എസ് ആര്‍ ടി സി നിലവില്‍ ഓടുന്ന സൂപ്പര്‍ ഡീലക്‌സ്, ശബരി, സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ബസുകള്‍ക്ക് "മിന്നല്‍" സര്‍വ്വീസ് ഉണ്ടായിരിക്കും.

ഈ ബസുകളുടെ ഡിസൈന്‍ മിന്നല്‍ എന്ന രീതിയില്‍ പ്രത്യേകമായി ബ്രാന്‍ഡ് ചെയ്‌തായിരിക്കും ഓടിക്കുക. ദൂരത്തിന് അനുസരിച്ചായിരിക്കും സര്‍വ്വീസുകള്‍ ക്രമീകരിക്കുക. കൂടുതല്‍ ദൂരം ഓടാന്‍ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ഫാസ്റ്റ് ബസുകളുമായിരിക്കും ഉപയോഗിക്കുക. അതുപോലെ കുറഞ്ഞ ദൂരം 'മിന്നല്‍' സര്‍വ്വീസ് നടത്താന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഉപയോഗിക്കും. പുഷ്ബാക്ക് സീറ്റോടു കൂടിയ ബസുകളായിരിക്കും ഈ സര്‍വ്വീസിന് ഉപയോഗിക്കുക. 

യാത്രാനിരക്ക്

മിന്നല്‍ സര്‍വ്വീസിന് ചാര്‍ജ്ജ് വ്യത്യാസം ഉണ്ടാകില്ല. ഉദാഹരണത്തിന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓടുന്ന സൂപ്പര്‍ ഡീലക്‌സിലെ ചാര്‍ജായിരിക്കും മിന്നലായി ഓടുന്ന സൂപ്പര്‍ ഡീലക്‌സിനും ഈടാക്കുക. അതുപോലെ തന്നെ സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട മിന്നല്‍ സര്‍വ്വീസുകള്‍ക്ക് ആ ബസുകളുടെ ചാര്‍ജ്ജ് മാത്രമായിരിക്കും ഉണ്ടാകുക. എല്ലാ 'മിന്നല്‍' സര്‍വ്വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ ലഭ്യമായിരിക്കും. 

സര്‍വ്വീസ് ക്രമവും സര്‍ക്കുലര്‍ റൂട്ടും

പ്രധാനമായും തീവണ്ടി സര്‍വ്വീസ് ഇല്ലാത്ത നഗരങ്ങളില്‍നിന്ന് പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് പുതിയ സര്‍വ്വീസിന്റെ ലക്ഷ്യം.

ഇതിനായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കട്ടപ്പന, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസ് ഉണ്ടാകും. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളെ ബന്ധിപ്പിച്ചും 'മിന്നല്‍' സര്‍വ്വീസുകളുണ്ടാകും. കൂടുതല്‍ 'മിന്നല്‍' ബസുകളും സര്‍ക്കുലര്‍ രീതിയില്‍ ഓടിക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്. അതായത്, കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാത വഴി വരുന്ന 'മിന്നല്‍' സര്‍വ്വീസ് തിരിച്ചുപോകുന്നത് എംസി റോഡ് വഴിയായിരിക്കും. ഇതേപോലെ എംസി റോഡ് വഴി വരുന്ന 'മിന്നല്‍' സര്‍വ്വീസ് ദേശീയപാത വഴി തിരിച്ചുപോകും. 

മലബാറിന് കൂടുതല്‍ പരിഗണന

കെഎസ്ആര്‍ടിസി മലബാറിനെ തഴയുന്നുവെന്ന പരാതി സ്ഥിരമായിട്ടുള്ളതാണ്. എന്നാല്‍ ഇത്തവണ അതിന് പരിഹാരമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍(ഓപ്പറേഷന്‍സ്) ജി അനില്‍കുമാര്‍ അനില്‍കുമാര്‍ പറഞ്ഞു. മലബാറില്‍നിന്ന് കൂടുതല്‍ ബസുകള്‍ 'മിന്നല്‍' സര്‍വ്വീസായി ഓടിക്കും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-ബത്തേരി, കോഴിക്കോട്-മാനന്തവാടി, കണ്ണൂര്‍-കാസര്‍കോട് തുടങ്ങിയ ഹ്രസ്വദൂര റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ മിന്നല്‍ സര്‍വ്വീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതുകൂടാതെ തെക്കന്‍ കേരളവുമായി ബന്ധിച്ച് കോഴിക്കോട്, കണ്ണൂര്‍, ബത്തേരി എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. 

മിന്നല്‍ സര്‍വ്വീസ് എന്നു തുടങ്ങും?

മിന്നല്‍ സര്‍വ്വീസ് വിഷുവിന് തുടങ്ങുമെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ഇപ്പോള്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 205 പുതിയ ബസുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരിക്കും മിന്നല്‍ സര്‍വ്വീസ് തുടങ്ങുക. റൂട്ടും സമയക്രമവും സംബന്ധിച്ച് അന്തിമധാരണയായിട്ടുണ്ട്. എന്നാല്‍ പുതിയ ബസുകളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്‌ചയിലധികം സമയമെടുക്കും. അതുകൊണ്ടുതന്നെ വിഷുവിന് സര്‍വ്വീസ് തുടങ്ങാനാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് ജി അനില്‍കുമാര്‍ പറഞ്ഞു. മന്ത്രിയുടെ സമയലഭ്യത കൂടി ഉറപ്പാക്കിയശേഷമായിരിക്കും സര്‍വ്വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios