ആലപ്പുഴ: കൃഷിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മണ്ണിന് ജീവന്‍ നല്‍കിയ കുടുംബശ്രീയുടെ കൃപ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി.) ടീം അംഗങ്ങള്‍ ജൈവപച്ചക്കറി കൃഷിയില്‍ പുതിയ അദ്ധ്യായം രചിച്ചു. ആലപ്പുഴ വെളിയനാട് ബ്ലോക്കിലെ 11-ാം വാര്‍ഡില്‍ കുറുവത്തടം പാടശേഖരത്താണിവര്‍ ഇക്കൊല്ലം നൂറു മേനി വിളവെടുപ്പിനായി ഒരുങ്ങുന്നത്. കഴിഞ്ഞ 35 വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ആറേക്കര്‍ സ്ഥലം പാട്ടത്തിനേറ്റെടുത്താണിവര്‍ കൃഷി ഇറക്കിയത്.
വെളിയനാട് ബ്ലോക്കിലെ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള ആറ് പേരടങ്ങനുന്നതാണ് കൃപ ജെ.എല്‍.ജി. യൂണിറ്റ്. ലത കുഞ്ഞുമോന്‍, ബിന്‍സി ജിമ്മിച്ചന്‍, സജിനി ഷാജി, നളിനാക്ഷി നാരായണന്‍, സോമവല്ലി വിജയന്‍, കോമള സദാനന്ദന്‍ എന്നിരാണ് കൃപ ജെ.എല്‍.ജി. യൂണിറ്റ് അംഗങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ തരിശ് രഹിത ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2014 ലാണ് ആദ്യമായി കുറുവത്തടം പാടശേഖരത്തില്‍ കൃഷി ഇറക്കുന്നത്. വഴി സൗകര്യമില്ലാത്ത കുറുവത്തടം പാടശേഖരത്തിന് സമീപം തരിശ് നിലം ഉഴുത് മറിക്കുവാനുള്ള ഉകരണങ്ങള്‍ വള്ളങ്ങളിലൂടെ സമീപ പ്രദേശങ്ങളില്‍ എത്തിച്ച് അവിടെ നിന്നും ഇവര്‍ ആറു പേര്‍ ചേര്‍ന്ന് ചുമന്നാണ് പാടശേഖരത്തില്‍ എത്തിച്ചത്. തരിശായികിടന്ന പാടശേഖരം ഉഴുത് മറിക്കുന്നതിന് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകളുടെ സഹായം ഉപയോഗപ്പെടുത്തി. 2014 ല്‍ ഇവര്‍ ആദ്യമായി കൃഷി ഇറക്കിയ സമയത്ത് ഇവര്‍ക്ക് വേണ്ട പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ലഭ്യമാക്കിയിരുന്നു.
തരിശ് നിലമായി ഇവര്‍ക്ക് ലഭിച്ച് ആറേക്കര്‍ സ്ഥലം മൂന്ന് വര്‍ഷത്തിന് ശേഷം കൃഷി യോഗ്യമാക്കി തിരിച്ചു കൊടുക്കണം എന്ന വ്യവസ്ഥയിലാണിവര്‍ ഏറ്റെടുത്തത്. ചെളി നിറഞ്ഞ പാടത്തിലിറങ്ങി കൃഷി ചെയ്യുമ്പോഴും വേണ്ടത്ര വിധത്തിലുള്ള യന്ത്രസഹായങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടില്ലായിരുന്നു. ബാങ്ക് വായ്പ്പയ്ക്കായി പലതവണ വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും ഇവര്‍ക്കനുകൂലമായൊരു നടപടി ലഭിച്ചില്ല. ഇവരുടെ കയ്യില്‍ നിന്നും സ്വന്തമായി കണ്ടെത്തിയ മൂലധനം ഉപയോഗിച്ചാണ് ആദ്യതവണ ഇവര്‍ കൃഷി ഇറക്കിയത്. എന്നാല്‍ ആദ്യത്തെ കൃഷിയില്‍ തന്നെ കായലില്‍ നിന്നും വെള്ളം കയറി ഇവരുടെ കൃഷി മുഴുവനായും നശിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ ഒന്നര ലക്ഷത്തോളം രൂപയുടെ കടം കേറി.
വെള്ളം കയറി കൃഷി നശിച്ചതിനൊപ്പം പാടത്തില്‍ അഴുകാതെ കിടന്ന മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇവര്‍ക്ക് മാത്രം സാധിക്കാതെ വന്നപ്പോള്‍ സമീപത്തെ തൊഴിലുറപ്പ് സ്ത്രീകളുടെ സഹായത്തോടെയാണ് പാടശേഖരം മാലിന്യമുക്തമാക്കിയത്. കൃഷി നഷിച്ച് കടബാധ്യതയില്‍ അകപ്പെട്ട ഇവര്‍ക്കൊരാശ്വാസമായി കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ഇവര്‍ക്കായി ഇന്‍സന്റീവ് തുക നല്‍കിയിരുന്നു. തുടര്‍ന്ന് 2015 ല്‍ ഇവര്‍ക്ക് നൂറ് മേനി കൊയ്‌തെടുക്കുവാന്‍ സാധിച്ചെങ്കിലും കിട്ടിയ തുക ആദ്യത്തെ കൃഷിയുടെ ബാധ്യത തീര്‍ക്കാന്‍ മാത്രമേ പ്രയോജനപ്പെട്ടോള്ളു. ഇക്കൊല്ലത്തെ കൃഷിയും നൂറ് മേനി കൊയ്യാന്‍ പാകത്തിനെത്തിയത് ഇവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നു.
കഴിഞ്ഞ രണ്ട് തവണ കൃഷി ഇറക്കിയപ്പോഴും യാതൊരു വിധത്തിലുള്ള യന്ത്രസഹായവും കൂടാതെ ആയിരുന്നു വിളവെടുപ്പ്. എന്നാല്‍ ഈ വര്‍ഷം പാടശേഖരത്തിന് സമീപത്തേക്ക് വഴി സൗകര്യം എത്തിയതിനാല്‍ ഒരു കൊയ്ത്തുത്സം തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണിവര്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവരുടെ കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ മികച്ച പരിശീലന പരിപാടികളും സാമ്പത്തീക സഹായങ്ങളും ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ലഭ്യമാക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു.
ജൈവവളം മാത്രമുപയോഗിച്ചാണ് 'ഉമ' നെല്ല് കൃഷി ചെയ്തത്. ഈ വര്‍ഷത്തെ കൊയ്ത്തുത്സവത്തോടെ ഈ പാടശേഖരം തിരികെ നല്‍കിയ ശേഷം സമീപത്ത് തന്നെയുള്ള പത്തേക്കര്‍ നിലമുള്ള നൂറുപറ പാടശേഖത്തില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണിവരിപ്പോള്‍. കാലാവസ്ഥ പോലും വകവെക്കാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചതിന്റെ ഫലമാണ് നൂറു മേനിയായി തിരിച്ചു കിട്ടിയതെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, എ.ഡി.എം.സി. വി.ജെ. വര്‍ഗ്ഗീസ്, ഡി.പി.എം. അശ്വതി മോഹന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഷാമില സലീം എന്നിവരും ഒപ്പമുണ്ട്.
