ദില്ലി: കുമാര്‍ വിശ്വാസിനെ ഒഴിവാക്കി രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അരവിന്ദ് കെജ്‍രിവാള്‍ ഏകാധിപതിയും രാഷ്‌ട്രീയ വഞ്ചകനുമാണെന്ന് കുമാര്‍ വിശ്വാസ് ആരോപിച്ചു. പുതിയ തര്‍ക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പിന് ഇടയാക്കിയേക്കും.
നാരായണദാസ് ഗുപ്ത, സഞ്ജയ് സിംഗ്, സുശീല്‍ ഗുപ്ത എന്നിവരെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ കുമാര്‍വിശ്വാസ്, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാളിനെതിരെ രംഗത്ത്‍വന്നത്.
മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിനായി കുമാര്‍ വിശ്വാസ് നേരത്തെ അവകാശവാദം ഉന്നയിച്ചപ്പോള്‍, സജീവ രാഷ്‌ട്രീയത്തിലെത്താത്ത പൊതുസമ്മതര്‍ക്ക് സീറ്റ് നല്‍കാനായിരുന്നു കെജ്‍രിവാളിന്‍റെ തീരുമാനം. ഇതിനെതിരെ കുമാര്‍ വിശ്വാസിന്‍റെ അനുയായികള്‍ ആം ആദ്മി പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കുമാര്‍ വിശ്വാസിനെ ഒഴിവാക്കിയുള്ള സീറ്റ് നിര്‍ണ്ണയത്തില്‍ യോഗേന്ദ്ര യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കളും കെജ്‍രിവാളിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെജ്‍രിവാളുമായി ഇടഞ്ഞുനില്‍ക്കുന്ന കുമാര്‍ വിശ്വാസ് ഒരു വിഭാഗവുമായി പാര്‍ട്ടിവിട്ട് പുറത്തുപോയാല്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കെജ്‍രിവാളിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും.
