ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി

ബെം​ഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കൾ രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കൾ ​ഗവർണറെ കണ്ടത്. 

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തനിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ​ഗവർണർക്ക് കത്ത് നൽകി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താൻ സഭയിൽ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ​ഗവർണറെ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ​യെദ്യൂരിയപ്പ ​ഗവർണറോട് ഒരാഴ്ച്ചത്തെ സമയം തേടിയതായും സൂചനകളുണ്ട്. 

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, രാജീവ് ചന്ദ്രശേഖർ, രാജീവ് കരന്തലജെ എന്നിവർക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ​ഗവർണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കർണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് മാധ്യമങ്ങളോടും ആവർത്തിച്ചു. 

യെദ്യൂരിയപ്പ ​​ഗവർണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി. സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കുമാരസ്വാമി ഒറ്റയ്ക്കാണ് ​ഗവർണറെ കണ്ടത്. സിദ്ധരാമയ്യയ്യുടെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. നേരത്തെ കർണാടക കോൺ​ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയ്യ ​ഗവർണറെ കാണാൻ അനുമതി തേടിയിരുന്നുവെങ്കിലും ​ഗവർണർ അനുമതി നൽകിയിരുന്നില്ല.