തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിന്‍റെ മോശം പരാമർശത്തിൽ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതിയും തെളിവും നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. ചോദ്യം ചോദിച്ചവരെയാണ് പൊലീസ് പ്രതികളാക്കിയതെന്നും കുമ്മനം ആരോപിച്ചു. ഇതിനെതിരെ പ്രതികരിച്ചവരെ കേസിൽ കുടുക്കുകയായിരുന്നു പോലീസെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു
മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിൽ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. നേരത്തെ കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവർത്തകർക്കും ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരൺ, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.
