ട്രോളന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ട്രോളന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പുറത്തുവരുന്ന ട്രോളുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നും, രാഷ്ട്രീയമായി മേലാളന്മാരെന്ന് കരുതുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം തുറന്നടിച്ചു. 

തന്നെ ട്രോളുന്നവര്‍ എത്ര തരം താണ പ്രവര്‍ത്തിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് കുമ്മനം വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നവര്‍ കരുതുന്നത് രാഷ്ട്രീയമായി അവര്‍ മേലാളന്‍മാരാണെന്നും താനുള്‍പ്പെടെയുള്ളവര്‍ കീഴാളന്‍മാരാണെന്നുമാണ്. 

മധുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്‍റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. 

തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒരു ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. ഇത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുമ്മനത്തിന്‍റെ പ്രസ്താവന.