ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ലീഗ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അണികള്‍ക്കിടയില്‍ നിന്ന് മറ്റ് പല പേരുകളും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും നേതൃത്വം അവയൊന്നും കാര്യമായെടുക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നേതൃത്വത്തിനും താത്പര്യം. നിയമസഭാ അംഗമായ കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കുകയാണെങ്കില്‍ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്ന് പറഞ്ഞത്

ലീഗ് കോട്ടയില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാനും കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനാമാണ് ഇടതുപക്ഷത്തിന്റെ ശ്രമം. പൊതുസമ്മതനായ സ്വതന്ത്രനെ ഇവിടെ മത്സര രംഗത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ് എല്‍.ഡി.എഫ് നേതൃത്വം. നിരവധി പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 1.94 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇ. അഹമ്മദ് ഇവിടെ നിന്നും ജയിച്ചുകയറിയത്. ഇത്രയും വലിയൊരു ഭൂരിപക്ഷം ഇപ്പോഴുമുണ്ടായാല്‍ അത് ഭരണത്തിനെതിരായ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇടതുപക്ഷം മനസിലാക്കുന്നു. അത് തടയാനാണ് പൊതുസമ്മതനെ രംഗത്തിറക്കാനാണ് ശ്രമം.